താമരക്കുഴിയിലെ ട്രൗസര്‍ ആശാരി എന്ന വലായുധന്‍ നിര്യാതനായി

താമരക്കുഴിയിലെ  ട്രൗസര്‍ ആശാരി  എന്ന വലായുധന്‍  നിര്യാതനായി

മലപ്പുറം: താമരക്കുഴി പള്ളശ്ശേരി വേലായുധന്‍ എന്ന ട്രൗസര്‍ ആശാരി വേലായുധന്‍ (85) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സുരേന്ദ്രന്‍, സുലോചന, സച്ചിദാനന്ദന്‍, ശ്രീധരന്‍, സൗഭാഗ്യവതി, പരേതനായ ശ്രീനിവാസന്‍. മരുമക്കള്‍: ഉഷ, സൗമിനി, ഗീത, മോഹനന്‍. സംസ്‌കാരം മുണ്ടുപറമ്പിലെ ഗ്യാസ് ക്രമിറ്റോറിയത്തില്‍ നടന്നു.
മലപ്പുറം കുന്നുമ്മലിലെ പെരുന്തച്ചനായിരുന്നു വേലായുധന്‍. മുട്ടോളം വലിപ്പുമള്ള ട്രൗസറും അരക്കൈ കുപ്പായവുമിട്ട് നടന്നിരുന്ന വേലായുധനെ നാട്ടുകാര്‍ ട്രൗസര്‍ ആശാരി എന്നാണ് വിളിച്ചിരുന്നത്. മരഉരുപ്പടിയുപയോഗിച്ച് സ്വന്തമായി സൈക്കിളുണ്ടാക്കിയും നെഹുറുവിനായി പങ്ക നിര്‍മിക്കുകയും ചെയ്ത വേലായുധന്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു.
1960 കളില്‍ മഞ്ചേരിയില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നെഹ്റുവിന് വിശ്രമത്തിന് സൗകര്യമൊരുക്കിയിരുന്നത് മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു. വെളിച്ചത്തിനൊപ്പം വിശ്രമമുറിയില്‍ ആവശ്യത്തിന് കാറ്റ് എങ്ങിനെ ലഭ്യമാക്കുമെന്ന ഉദ്യോഗസ്ഥരുടെ അന്വേഷണം ചെന്നെത്തിയത് വേലായുധന്‍ ആശാരിയിലായിരുന്നു. അച്ഛന്‍ കണ്ഠരര്‍ക്കൊപ്പം കളക്ടറേറ്റിലെ പട്ടാളക്യാമ്പില്‍ ആശാരി പണി ചെയ്യുന്നതിനിടെ 23-ാം വയസ്സിലായിരുന്നു അപ്രതീക്ഷിതമായി നെഹ്്റുവിനുള്ള പങ്ക പണിയാന്‍ അവസരം ലഭിച്ചത്. മുറിക്ക് പുറത്ത് ചുവരില്‍ ഉറപ്പിച്ച കപ്പിയിലൂടെ ചരട് വലിച്ച് കറക്കുന്ന രീതിയാണ് പങ്ക നിര്‍മിച്ചത്. കാറ്റാടി മരത്തിന്റെ കനം കുറഞ്ഞ പലകകള്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇതിനുവേണ്ട ഇരുമ്പുചക്രം കോഴിക്കോട് നിന്ന് എത്തിച്ചു. ചരടുവലിക്കാന്‍ പ്രത്യേകം ആളുകളെ നിയമിക്കുകയും ചെയ്തു. ഇരുപ്പ് മുറിയിലേക്കും കിടപ്പ് മുറിയിലേക്കും രണ്ടു പങ്കകളാണ് വേലായുധന്‍ അന്നുണ്ടാക്കിയിരുന്നത്. എന്നാല്‍ നെഹ്റു അന്ന് മലപ്പുറത്ത് വന്നില്ല. നെഹ്റു വന്നില്ലെങ്കിലും പങ്കയുണ്ടാക്കിയ വേലായുധന്റെ പ്രശസ്തി വര്‍ധിച്ചു. മറ്റുള്ളവര്‍ ചെയ്യാന്‍ മടികാണിക്കുന്ന ജോലികള്‍ പോലും വളരെ ഉത്സാഹത്തോടെ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരുന്നു. പത്ത് വര്‍ഷം മലപ്പുറം എം.എസ്.പി ആസ്ഥാനത്ത് ജോലി ചെയ്ത വേലായുധനാണ് 1980 കേന്ദ്രീയ വിദ്യാലയത്തിന്റെയും ഫര്‍ണിച്ചര്‍ ജോലി ചെയ്തത്. നിരവധി പള്ളികളുടെയും അമ്പലങ്ങളുടെയു മര കൊത്തുപണിയില്‍ പങ്കെടുത്തു

Sharing is caring!