ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് പീഡനം : മാതാവടക്കം രണ്ട് പ്രതികള്‍ റിമാന്റില്‍

ഒമ്പതാം ക്ലാസ്  വിദ്യാര്‍ത്ഥിനിക്ക് പീഡനം : മാതാവടക്കം രണ്ട്  പ്രതികള്‍ റിമാന്റില്‍

മഞ്ചേരി: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെയും കുട്ടിയുടെ മാതാവിനെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മഞ്ചേരി ചെരണി കുന്നത്ത് നടുത്തൊടി നിയാസ് (32) നെയും കുട്ടിയുടെ മാതാവിനെയുമാണ് റിമാന്റ് ചെയ്തത്.
കുട്ടിയുടെ മാതാവുമായി ഫോണ്‍ വഴി പരിചയപ്പെട്ട യുവാവ് പിന്നിട് ഇവരുമായി അടുക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെ രണ്ടു മാസം മുന്‍പ് യുവതിയുടെ ബന്ധുക്കള്‍ കൈയ്യോടെ പിടികൂടിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ ഇയാളുടെ കൂടെ പോയ യുവതിയുമായി കോഴിക്കോട് ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. ഈ ബന്ധം മുതലെടുത്ത യുവാവ് പതിനാലുകാരിയായ മകളെയും പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം കുട്ടി പറഞ്ഞെങ്കിലും ആരോടും പറയരുത് എന്ന് പറഞ്ഞ് മാതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിക്കോട്ടെ ലോഡ്ജില്‍ വച്ചാണ് ഇവരെ പിടികൂടിയത്. നിയാസിനെ ചോദ്യം ചെയ്തതില്‍ മറ്റൊരു യുവതിയേയും ഇയാള്‍ ഇത്തരത്തില്‍ മാസങ്ങളോളമായി മറ്റൊരു ലോഡ്ജില്‍ താമസിപ്പിച്ചു വന്നിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഭര്‍തൃമതികളായ യുവതികളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് അവരുമായി അടുപ്പം സ്ഥാപിച്ച് പണവും ആഭരണങ്ങളും തന്ത്രപൂര്‍വ്വം കൈക്കലാക്കി അവരെ ഭീഷണിപ്പെടുത്തി ശാരീരികമായി ഉപയോഗിക്കുന്നതാണ് ഇയാളുടെ രീതി. കൂടും ബിനികളായതിനാല്‍ പരാതിപ്പെടാത്തതും ഇയാള്‍ക്ക് തുണയായി. ബന്ധപ്പെടുന്ന സ്ത്രീകളുമായി ഫോട്ടോ എടുക്കുന്ന പ്രതി പിന്നീട് ഈ ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇവരില്‍ നിന്നും പണവും ആഭരണങ്ങളും കൈക്കലാക്കിയിരുന്നത്. ഒരേ സമയം നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പിടിക്കപ്പെട്ടതറിയാതെ നിരവധി സ്ത്രീകളാണ് ഫോണിലേക്ക് വിളിച്ചു കൊണ്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി പിടിയിലായ വിവരമറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി എത്തിയിട്ടുണ്ട്. മണല്‍, മണ്ണ് മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രതിയുടെ പേരില്‍ അനധികൃത മണല്‍ കടത്തലിന് മഞ്ചേരി സ്റ്റേഷനില്‍ കേസ് ഉണ്ട്.
മഞ്ചേരി സി ഐ എന്‍ബി ഷൈജു, എസ് ഐ ജലീല്‍ കറുത്തേടത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേശ്, എന്‍. സല്‍മ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

Sharing is caring!