അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ഇടപെടല്‍ ഫലംകണ്ടു ,ഫിഷറീസ് സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്

അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ഇടപെടല്‍ ഫലംകണ്ടു ,ഫിഷറീസ്  സ്‌കൂള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക്

താനൂര്‍: മണ്ഡലത്തില്‍ ദേവധാര്‍ സ്‌കൂളിന് ശേഷം ഫിഷറീസ് സ്‌ക്കൂളും അന്തര്‍ദേശീയ നിലവാരത്തിലേക്ക്. തീരദേശ മേഖലയിലെ സ്‌ക്കൂളുകളുടെ വികസനത്തിന് ഫിഷറീസ് വകുപ്പ് തെരെഞ്ഞെടുത്തത് ഗവ.ഫിഷറീസ് ടെക്നിക്കല്‍ വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളാണ്.

ആവശ്യമായ കെട്ടിട സമുച്ചയവും സ്റ്റേഡിയവും നിര്‍മ്മിക്കുന്നതിന് ഊരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സഹകരണ സംഘമാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹോസ്റ്റല്‍, കളിസ്ഥലം തുടങ്ങിയവയെല്ലാം നവീകരിക്കുന്നതാണ് പദ്ധതി. സ്‌ക്കൂളിന്റെ മുന്‍വശത്തും ക്യാമ്പസ്സിനകത്തുമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. ചുറ്റുമതിലും പ്രധാന കവാടവും ആവശ്യമായ ലാബുകളും സ്മാര്‍ട്ട് ക്ലാസ്സ് മുറികളും നിര്‍മ്മിക്കും. പതിമൂന്നര കോടി രൂപ ചെലവ് കണക്കാക്കുന്ന സ്‌ക്കൂള്‍ സമുച്ചയത്തിന് 10.50 കോടി ഫിഷറീസ് വകുപ്പില്‍ നിന്നും 3 കോടി രൂപ ഹയര്‍ സെക്കന്ററി വകുപ്പില്‍ നിന്നുമാണ് വകയിരിത്തിയിരിക്കുന്നത്.

തീരനാടിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് സഫലമാകുന്നത്. വി.അബ്ദുറഹിമാന്‍ എം.എല്‍.എയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരത്തെ തന്നെ സ്‌ക്കൂളിലെത്തി ശോച്യാവസ്ഥ നേരില്‍ കണ്ട് മനസിലാക്കിയിരുന്നു. എം.എല്‍.എയുടെ പ്രത്യേക താത്പര്യമാണ് സ്‌ക്കൂളിന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചത്.

മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്‍ അറിയിച്ചു.

Sharing is caring!