നെടുമ്പാശ്ശേരി ലോ ഫ്ളോര്‍ ബസുകള്‍ നിറുത്തലാക്കുന്നതിനുള്ള തീരുമാനം പിന്‍വലിക്കണം; കുഞ്ഞാലിക്കുട്ടി

നെടുമ്പാശ്ശേരി ലോ ഫ്ളോര്‍ ബസുകള്‍ നിറുത്തലാക്കുന്നതിനുള്ള തീരുമാനം  പിന്‍വലിക്കണം; കുഞ്ഞാലിക്കുട്ടി

മലപ്പുറം: നെടുമ്പാശ്ശേരി ലോ ഫ്ലോര്‍ എസി സര്‍വീസുകള്‍ നിറുത്തലാക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്കും, ഹജ് വകുപ്പ് മന്ത്രിക്കും പി കെ കുഞ്ഞാലിക്കുട്ടി എം പി കത്തയച്ചു. തീരുമാനം ജില്ലയില്‍ നിന്നുള്ള പ്രവാസികളുടെ യാത്രയെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹജ് തീര്‍ഥാടനം നടത്തുന്നവര്‍ക്ക് നെടുമ്പാശേരിയിലെ ഹജ് ക്യാംപിലേക്കും, വിമാനത്താവളത്തിലേക്കുമുള്ള യാത്രയേയും തീരുമാനം ദോഷകരമായി ബാധിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുമുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിറുത്തലാക്കിയപ്പോള്‍ മുതല്‍ പ്രവാസികള്‍ നെടുമ്പാശേരിയിലേക്ക് പോകുവാന്‍ ആശ്രയിക്കുന്നത് ഈ സര്‍വീസുകളെയാണ്. ദിനംപ്രതി ഈ റൂട്ടിലെ തിരക്ക് വര്‍ധിച്ചത് മൂലമാണ് സര്‍വീസുകളുടെ എണ്ണവും കൂടിയത്.

പുതിയ ഹജ് സീസണ് തുടക്കമാകാന്‍ പോകുന്ന ഈ അവസരത്തില്‍ ഈ സര്‍വീസുകള്‍ നിറുത്തലാക്കുന്നത് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയാസകരമാകും. ഇതിനു പകരം മറ്റ് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നത് ഉപയോഗപ്രദമാകുകയുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രസ്തുത സാഹചര്യത്തില്‍ നിലവിലെ സര്‍വ്വീസുകള്‍ ധൃതിപിടിച്ച് നിര്‍ത്തലാക്കുന്നത് ഹജ് തീര്‍ത്ഥാടകരെയും പ്രവാസികളെയും ഏറെ ദുരിതത്തിലാക്കും. ഇക്കാര്യം ചൂണ്ടികാട്ടി ഗതാഗത മന്ത്രിക്കും, ഹജ് വകുപ്പ് മന്ത്രിക്കും, കെ എസ് ആര്‍ ടി സി എം ഡിക്കും കത്തെഴുതിയിട്ടുണ്ട്. ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ര്‍

Sharing is caring!