കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു

കരുവള്ളി  മുഹമ്മദ് മൗലവി  അന്തരിച്ചു

മലപ്പുറം: കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കരുവള്ളി മുഹമ്മദ് മൗലവി അന്തരിച്ചു. ഇന്ന് രാവിലെ 11.45 ഓടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കേരളത്തില്‍ അറബി ഭാഷാപഠനത്തിന്റെ വളര്‍ച്ചക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച അദ്ദേഹം, അറബി അധ്യാപക സമൂഹത്തിന്റെ അവകാശപ്പോരാട്ടങ്ങളുടെ മുന്‍നിര നായകനാണ്. കേരളത്തിലെ സ്‌കൂളുകളില്‍ ഇന്നു കാണുന്ന വിപുലമായ അറബി പഠന സംവിധാനങ്ങള്‍ രൂപപ്പെടുത്തുന്നതിന് അദ്ദേഹം ഒരുപാട് വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഏകനായും പിന്നീട്, അറബിക് പണ്ഡിറ്റ് യൂനിയന്റെയും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്റെയും അമരക്കാരനായും അദ്ദേഹം എഴുതിക്കൊടുത്ത നിവേദനങ്ങളും നടന്നുതീര്‍ത്ത വഴികളും നിരവധിയാണ്. അധ്യാപകന്‍, അറബിക് വിദ്യാഭ്യാസ ഇന്‍സ്പെക്ടര്‍, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനര്‍, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സ്ഥാപകന്‍ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളര്‍പ്പിച്ചു.
കാലിക്കറ്റ് മുസ്ലിം അസോസിയേഷന്റെ രൂപീകരണത്തിലും കേരള ഇസ്ലാമിക് സെമിനാറിന്റെ സംഘാടനത്തിലും പങ്കുവഹിച്ച കരുവള്ളി മുഹമ്മദ് മൗലവി, മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ (എം.എസ്.എസ്) വൈസ് പ്രസിഡന്റായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ തല്‍പരനായിരുന്ന അദ്ദേഹം അതിന്റെ മലപ്പുറം ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, അറബി-ഉര്‍ദു സിലബസ് കമ്മിറ്റി മെമ്പര്‍, സലഫീ യൂനിവേഴ്സിറ്റി സെനറ്റ് മെമ്പര്‍, സി.ബി.എന്‍.പി, ഡി.പി.ഇ.പി ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
കട്ടിലശ്ശേരി മുഹമ്മദ് മൗലവിയുടെ ശിഷ്യത്വവും ഉമറാബാദിലെ പഠനവും മറ്റുംവഴി പുരോഗമന ആശയക്കാരനായി വളര്‍ന്ന മുഹമ്മദ് മൗലവി കേരള നദ്വത്തുല്‍ മുജാഹിദീന്റെ സംസ്ഥാന കൂടിയാലോചനാസമിതി അംഗവും വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാനും മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റുമാണ്.
1918, മലപ്പുറം മക്കരപ്പറമ്പിനടുത്ത കരിഞ്ചാപടിയില്‍ ജനിച്ച മൗലവി, 1942 ലാണ് അധ്യാപനജീവിതം ആരംഭിച്ചത്. 1962-ല്‍ ഉത്തരമേഖലാ മുസ്ലിം വിദ്യാഭ്യാസ ഇന്‍സ്പെക്ടറായി. 1974-ല്‍ സര്‍വീസില്‍നിന്ന് വിരമിച്ചു.

Sharing is caring!