എംബിബിഎസ് തിളക്കത്തില്‍ മലപ്പുറം മഅ്ദിന്‍ വിദ്യാര്‍ത്ഥി

എംബിബിഎസ്  തിളക്കത്തില്‍ മലപ്പുറം മഅ്ദിന്‍  വിദ്യാര്‍ത്ഥി

മലപ്പുറം: നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് കരസ്ഥമാക്കി തേനി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ നെല്ലിയാമ്പതി തോട്ടം മേഖലയില്‍ നിന്നുള്ള മുബാശിര്‍ ശ്രദ്ധേയനാകുന്നു. മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് വിദ്യാര്‍ത്ഥിയായ മുബാഷിര്‍ നീറ്റ് പരീക്ഷയില്‍ 5098-ാം റാങ്ക് നേടിയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് പഠനത്തിന് അര്‍ഹത നേടിയത്.
എട്ടാം ക്ലാസ്സ് മുതല്‍ മഅ്ദിന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ പഠനം നടത്തുകയും ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം പൂര്‍ത്തിയാക്കി ഹയര്‍ സെക്കന്‍ഡറിയില്‍ സയന്‍സിന് പ്രവേശനം നേടുകയുമായിരുന്നു. നെല്ലിയാമ്പതി മണലാരോ എസ്റ്റേറ്റിലെ തൊഴിലാളികളായ വി ഫാറൂഖിന്റെയും പാത്തുമ്മയുടേയും മകനാണ് മുബാഷിര്‍.
കുറഞ്ഞ വേതനത്തിന് തൊഴിലെടുത്ത് നിത്യചിലവുകള്‍ക്ക് പ്രയാസപ്പെടുന്ന കുടുംബം തോട്ടം മേഖലയിലെ പാടിയിലാണ് കഴിയുന്നത്. ഇല്ലായ്മയെ അതിജീവിച്ച് തോട്ടം മേഖലക്ക് തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ച മുബാഷിര്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ എസ്റ്റേറ്റ് മേഖലയില്‍ തന്നെ സേവനമനുഷ്ടിക്കാനാണ് താല്‍പര്യമെന്ന് പറഞ്ഞു. തേനി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ മുബാഷിറിനെ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

Sharing is caring!