എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് ഇടി

എസ്.ഡി.പി.ഐയെ  നിരോധിക്കണമെന്ന് ഇടി

മലപ്പുറം: എസ്ഡിപിഐയെ വേണ്ടിവന്നാല്‍ നിരോധിക്കമെന്ന് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സമുദായത്തിന് ഇത്തരക്കാര്‍ ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. കഴിഞ്ഞദിവസം ജനപക്ഷം നേതാവ് പിസി ജോര്‍ജ് എംഎല്‍എയും എസ്ഡിപിഐയെ തള്ളിപ്പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വേളകളില്‍ എസ്ഡിപിഐയുടെ പിന്തുണ ലഭിക്കുന്നവരെന്ന് ആക്ഷേപം നേരിടുന്നവരാണ് ഇടി മുഹമ്മദ് ബഷീറും പിസി ജോര്‍ജുമെല്ലാം. അവരാണിപ്പോള്‍ എസ്ഡിപിഐയെ തള്ളിപ്പറയുന്നത്.

ഇസ്ലാമിന്റെ പേരില്‍ കലാപം

ഇസ്ലാമിന്റെ പേരില്‍ കലാപമുണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നാണ് ഇടി മുഹമ്മദ് ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും കഴിഞ്ഞദിവസം എസ്ഡിപിഐക്കെതിരെ രംഗത്തുവന്നിരുന്നു.

ആയുധം കൊണ്ട് ആശയം

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അവരുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുന്നത് അപകടകരമാണെനന്നും ഇടി കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐയെ നിരോധിച്ചിട്ട് കാര്യമില്ലെന്നും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും സിപിഎം നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് ഇടി പ്രതികരിച്ചു.

നിരോധിക്കണം

എസ്ഡിപിഐ നിരോധിക്കേണ്ടതാണെങ്കില്‍ നിരോധിക്കണം. അക്കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അഭിമന്യു വധക്കേസില്‍ അറസ്റ്റിലായവരില്‍ കാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചിരുന്നു.

പിസി ജോര്‍ജ് പറഞ്ഞത്

കഴിഞ്ഞ ദിവസം എസ്ഡിപിഐക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയും രംഗത്തുവന്നിരുന്നു. എസ്ഡിപിഐ ഇത്ര വര്‍ഗീയ വാദികളാണെന്ന് അറിഞ്ഞില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ല. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയക്കാരും സഹായിച്ചിട്ടുണ്ട്. ഞാനും സഹായിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

തീവ്രവാദ ശക്തികള്‍

കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് മഹാരാജാസിലെ കൊലപാതകത്തിന് കാരണമെന്ന് പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദ ശക്തികളാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. എസ്ഡിപിഐയുടെ ഒട്ടേറെ വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള നേതാവാണ് പിസി ജോര്‍ജ്.

എസ്ഡിപിഐ പിന്തുണ

ഇടതുവലതു കക്ഷികളുടെ പിന്തുണയില്ലാതെ പൂഞ്ഞാറില്‍ മല്‍സരിച്ച് വിജയിച്ച വ്യക്തിയാണ് പിസി ജോര്‍ജ് എംഎല്‍എ. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പ് വേളയില്‍ എസ്ഡിപിഐ പിന്തുണ നല്‍കിയത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പിസി ജോര്‍ജ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ചെങ്ങന്നൂരില്‍ ഇടതുസ്ഥാനാര്‍ഥിക്ക് എസ്ഡിപിഐ പിന്തുണ നല്‍കിയതും വിവാദമായിട്ടുണ്ട്.

അഭിമന്യു വധം

എസ്എഫ്ഐയും കാംപസ് ഫ്രണ്ടും തമ്മിലുള്ള പ്രശ്നമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തല്‍. ആലപ്പുഴയിലെ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. എസ്ഡിപിഐയുടെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തുന്നുണ്ട്. കൊലപ്പെടുത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്.

Sharing is caring!