കാക്കാത്തോട്ടില്‍ കോഴി മാലിന്യക്കൂമ്പാരം അധികൃതര്‍ കണ്ണടയ്ക്കുന്നു.

കാക്കാത്തോട്ടില്‍  കോഴി മാലിന്യക്കൂമ്പാരം അധികൃതര്‍ കണ്ണടയ്ക്കുന്നു.

നെല്ലിക്കുത്ത് : പകര്‍ച്ച രോഗങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഞ്ചേരി നഗരസഭയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി വ്യാപിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് നഗരസഭയില്‍ ഉള്‍പ്പെടുന്ന നെല്ലിക്കുത്ത് പ്രദേശത്ത് നിന്നാണ്. ആരോഗ്യ ബോധവത്ക്കരണം നടത്തുന്നതിനോടൊപ്പം പൊതു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് സാനിറ്റേഷന്‍ കമ്മറ്റികള്‍ക്ക് ഇരുപതിനായിരം രൂപാ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ല. നഗരസഭയിലെ അമ്പത് വാര്‍ഡുകള്‍ക്കായി 10 ലക്ഷം രൂപ ഈയിനത്തില്‍ സര്‍ക്കാര്‍ നല്‍കിയിട്ടുമുണ്ട്. നഗരസഭാ പരിധിയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനും ഇതോടൊപ്പം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുണ്ടെങ്കിലും, നഗരസഭാ അധികൃതര്‍ക്ക് ഒരു കുലുക്കവുമില്ല. നഗരസഭാ 22, 23, 24 വാര്‍ഡ് ഉള്‍പ്പെടുന്ന നെല്ലിക്കുത്ത് പ്രദേശത്ത് കാക്കാത്തോടില്‍ ഏതാണ്ട് ഒരു വര്‍ഷമായി സ്ഥിരമായിട്ടെന്ന രീതിയില്‍ രാത്രി സമയത്ത് കോഴിമാലിന്യവും, കശാപ്പ് മാലിന്യവും നിക്ഷേപിക്കുന്നത് മൂലം നാട്ടുകാര്‍ കടുത്ത ദുരിതമനുഭവിച്ച് വരികയാണ്. പല തവണ ഇത് സംബന്ധിച്ച് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസിന്റെ ഇടപെടലുണ്ടായിട്ടില്ല. മഴ കനത്തതോടെ ഏതാനും ദിവസങ്ങളായി കാക്കാതോട് പരിസരങ്ങളിലുള്ള വീട്ടുകാര്‍ അസഹ്യമായ ദുര്‍ഗന്ധം മൂലം കടുത്ത വിഷമം അനുഭവിക്കുകയാണ്. അബൂട്ടി കപ്പൂര്‍, പുതുക്കൊള്ളി സാബിത്ത്, കെ.സമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്തെ ഡിഫന്റേവ്‌സ് ക്ലബ്ബ് പ്രവര്‍ത്തകര്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നഗരസഭാ സെക്രട്ടറി എന്നിവരെ നേരില്‍ കണ്ട് പരാതി സമര്‍പ്പിച്ചിട്ടും ഒരു ഫലവുമുണ്ടായിട്ടില്ല. ഇരുനൂറോളം പ്ലാസ്റ്റിക് ചാക്കുകളിലായാണ് കോഴി മാലിന്യം കാക്കാത്തോട്ടില്‍ നിക്ഷേപിച്ചിട്ടുള്ളത്. വള്ളിപ്പടര്‍പ്പുകളിലും മറ്റും തടഞ്ഞ് നില്‍ക്കുന്ന മാലിന്യ ചാക്കുകള്‍ നാട്ടുകാര്‍ക്ക്് തീരാ ദുരിതമായിരിക്കുകയാണ്.

Sharing is caring!