ആശുപത്രിയില്‍നിന്ന് മാല പൊട്ടിച്ചോടിയ തമിഴ് യുവതിയെ അറസ്റ്റ് ചെയ്തു

ആശുപത്രിയില്‍നിന്ന്  മാല പൊട്ടിച്ചോടിയ തമിഴ്  യുവതിയെ അറസ്റ്റ് ചെയ്തു

മഞ്ചേരി: ആശുപത്രിയില്‍ ചികിത്സക്കായി അമ്മക്കൊപ്പം എത്തിയ ഒന്നര വയസ്സുകാരന്റെ മാല പൊട്ടിച്ചോടിയ തമിഴ് യുവതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. പ്രതി തമിഴ്‌നാട് മധുര സ്വദേശി രാജേഷിന്റെ ഭാര്യ സരസ്വതി(36)യെ എസ്.ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ നാസര്‍, അബ്ദുള്ള ബാബു എന്നിവര്‍ അറസ്റ്റ് ചെയ്തു. ഇന്നലെ പകല്‍ പതിനന്നോടെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തിരക്കേറിയ ഒ.പിക്ക് മുന്നിലാണ് സംഭവം. മഞ്ചേരി മേലാക്കം കുന്നക്കാടന്‍ അയ്യപ്പന്‍-കമലം ദമ്പതികളുടെ മകന്‍ അനിരുദ്ധന്‍ കഴുത്തിലണിഞ്ഞ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് കവര്‍ന്നത്. കമലം ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ സരസ്വതിയെ കയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും തൊണ്ടി മുതല്‍ പൊലീസ് കണ്ടെടുത്തു. സംഘം ചേര്‍ന്നാണ് തമിഴ് യുവതികള്‍ പിടിച്ചുപറിക്കായി ഇന്നലെ ആശുപത്രിയിലെത്തിയത്. പത്തു മണിയോടെ സമാനമായ മറ്റൊരു സംഭവം ഉണ്ടായി. വിവരമറിഞ്ഞെത്തി പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാനായില്ല. പൊലീസ് തിരിച്ചുപോയി ഏതാനും നിമിഷങ്ങള്‍ക്കകമാണ് സരസ്വതി പിടിയിലായത്.

Sharing is caring!