കരിപ്പൂരില്‍ റഡാര്‍ സംവിധാനം യാഥാര്‍ഥ്യമാകുന്നു

കരിപ്പൂരില്‍ റഡാര്‍ സംവിധാനം  യാഥാര്‍ഥ്യമാകുന്നു

കൊണ്ടോട്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വ്യോമഗതാഗതത്തെ സഹായിക്കുന്ന റഡാര്‍ സംവിധാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാഥാര്‍ഥ്യമാകുന്നു. ആകാശ വീഥിയിലെ വിമാനങ്ങളുടെ ഗതിനിര്‍ണയത്തിനും വ്യോമഗതാഗതത്തിനും സഹായിക്കുന്ന സംവിധാനമാണ് റഡാര്‍.

കരിപ്പൂരില്‍ റഡാര്‍ സംവിധാനം നിലവിലില്ലാത്തതിനാല്‍ തൊട്ടടുത്ത കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങളുടെ റഡാറുകളാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്.

വ്യോമഗതാഗതത്തെ സഹായിക്കുന്ന അത്യന്താധുനിക എ.ഡി.എസ് ബി സംവിധാനം 2012-ല്‍ കരിപ്പൂരില്‍ സ്ഥാപിച്ചിരുന്നെങ്കിലും പിന്നീട് അഞ്ച് വര്‍ഷത്തോളം കഴിഞ്ഞാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കിയത്. നിരവധി ഉപഗ്രഹങ്ങളുടെ നിരീക്ഷണങ്ങള്‍ തുടര്‍ച്ചയായി ഏകോപിപ്പിച്ചു കൊണ്ട് വിമാനങ്ങളുടെ സ്ഥാനം കൃത്യമായി നിര്‍ണയിച്ച് വ്യോമ ഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുന്ന സംവിധാനമാണ് എ.ഡി.എസ് ബി( ഓട്ടോമാറ്റിക് ഡിപ്പഡന്റ് സര്‍വൈലന്‍സ് ബ്രോഡ്കാസ്റ്റ്). എന്നാല്‍ വ്യോമഗതാഗത നിയന്ത്രണത്തില്‍ ഏറ്റവും കൃത്യമായ നിരീക്ഷണങ്ങള്‍ക്ക് റഡാര്‍ അത്യാവശ്യമാണ്.എ.ഡി.എസ്.ബി.യില്‍ നിന്ന് ലഭ്യമാകുന്ന ഡാറ്റകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച റഡാറുകളുടെ ഡാറ്റയുമായി താരതമ്യപ്പെടുത്തി അപാകതകളില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് വ്യോമഗതാഗത നിയന്ത്രണത്തിന് ഉപയോഗപ്പെടുത്തുക.

കൊച്ചിയിലേയും മംഗലാപുരത്തേയും ഡാറ്റകള്‍ ലഭ്യമാക്കി കരിപ്പൂരില്‍ റഡാര്‍ സംവിധാനം കാര്യക്ഷമമാക്കാന്‍ ശ്രമം നടത്താന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇവിടങ്ങളിലെ റഡാര്‍ ഡാറ്റ പലപ്പോഴും ലഭ്യമല്ലാത്തതിനാല്‍ എ.ഡി.എസ് ബി പൂര്‍ണാര്‍ഥത്തില്‍ ഉപയോഗക്ഷമമാക്കാനായിരുന്നില്ല.

അധികം താമസിയാതെ റഡാര്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ വ്യോമഗതാഗത നിയന്ത്രണത്തില്‍ കൂടുതല്‍ സൂക്ഷ്മതയും കാര്യക്ഷമതയും കരിപ്പൂരില്‍ ഉറപ്പാക്കാന്‍ സാധിക്കും. പറക്കുന്ന രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള ദൂരം കൃത്യമായി നിര്‍ണയിക്കാനും റഡാര്‍ വഴി സാധിക്കും. ഇത് രണ്ട് വിമാനങ്ങള്‍ വന്നിറങ്ങുന്നതിനിടയിലെ സമയനഷ്ടം പോലും ഒഴിവാക്കാന്‍ സാധിക്കും.

കരിപ്പൂരിലെ സി.എന്‍.എസ് (കമ്യൂണിക്കേഷന്‍, നാവിഗേഷന്‍,സര്‍വൈലന്‍സ് ) വിഭാഗം സാങ്കേതിക വിദഗ്ധരാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ബി.എസ്.എന്‍.എല്ലിന്റെ സഹായത്തോടെ ഡാറ്റ എത്തിക്കാനും ലഭ്യമായ വിവരങ്ങള്‍ വ്യോമഗതാഗത നിയന്ത്രണത്തിന് അനുയോജ്യമായ രീതിയില്‍ ഓട്ടോമേഷന്‍ സംവിധാനത്തില്‍ ക്രമീകരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സി.എന്‍.എസ് വിഭാഗം മേധാവി മുനീര്‍ മാടമ്പട്ട്, ഓട്ടോമേഷന്‍ വിഭാഗം തലവന്‍ ജയപ്രകാശ് ടി.വി, ജോയിന്റ് ജനറല്‍ മാനേജര്‍ ഹരിദാസ്, ഡി.ജി.എം പീതാംബരന്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Sharing is caring!