ഇസ്ലാമിലെ യുദ്ധങ്ങള്‍ പ്രതിരോധത്തിന് വേണ്ടി മാത്രം: കാന്തപുരം

ഇസ്ലാമിലെ യുദ്ധങ്ങള്‍ പ്രതിരോധത്തിന് വേണ്ടി മാത്രം: കാന്തപുരം

തിരൂരങ്ങാടി: ബദ്ര് അടക്കം ഇസ്ലാമിക ചരിത്രത്തിലെ മുഴുവന്‍ യുദ്ധങ്ങളും പ്രതിരോധത്തിന് വേണ്ടി മാത്രമായിരുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഇസ്ലാമിലെ ഒരു യുദ്ധവും മുസ്ലിംകള്‍ അങ്ങോട്ട് പോയി നടത്തിയതല്ല. ഇസ്ലാമിന്റെ ശത്രുവിഭാഗമാണ് എല്ലായ്പോഴും യുദ്ധത്തിന് തുടക്കമിട്ടത്. ആഘട്ടത്തില്‍ അവരെ പ്രതിരോധിക്കാന്‍ മാത്രമാണ് മുസ്ലിംകള്‍ യുദ്ധത്തിനിറങ്ങിയതെന്നും കാന്തപുരം വ്യക്തമാക്കി. മുട്ടിച്ചിറ ശുഹദാക്കളുടെ 182-ാമത് ആണ്ടുനേര്‍ച്ച തലപ്പാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ശുഹദാക്കളുടെയും മുട്ടിച്ചിറ ശുഹദാക്കളുടെയുമെല്ലാം ചരിത്രങ്ങള്‍ ഈ വസ്തുത ശരിവെക്കുന്നതാണ്. എന്നിരിക്കെ മുസ്ലിംകളെ യുദ്ധം ചെയ്യുന്നവരായി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അപലപനീയമാണെന്നും കാന്തപുരം പറഞ്ഞു.

സയ്യിദ് പികെഎസ് തങ്ങള്‍ തലപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷണം നടത്തി. ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് നൂറുദ്ദീന്‍ ജിഫ്രി, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുര്‍റസാഖ് സഖാഫി വെള്ളിയാമ്പുറം, അബ്ദുല്‍ മജീദ് അഹ്സനി ചെന്നാനി, സയ്യിദ് സൈനുല്‍ ആബിദ് തലപ്പാറ സംബന്ധിച്ചു. ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ആറായിരം പേര്‍ക്ക് അന്നദാനവും നടത്തി.

Sharing is caring!