മലപ്പുറത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകളനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറത്ത് പുതിയ ഹയര്‍ സെക്കന്‍ഡറി  ബാച്ചുകളനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം:  ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലപ്പുറം : മലപ്പുറം ജില്ലയില്‍ പുതിയ ഹയര്‍ സെക്കണ്ടറി ബാച്ചുകളനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം ജില്ല ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ 27000 ത്തോളം വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിന് അവസരം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജില്ലയില്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് അധിക ബാച്ചുകള്‍ അനുവദിച്ച് നിലവിലെ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നും ജില്ല കമ്മിറ്റി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ 840003 വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒടുവില്‍ വര്‍ധിപ്പിച്ച 10 ശതമാനം സീറ്റും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളിലും ഉപരിപഠനത്തിനുള്ള മറ്റു സാധ്യതകളായ വി.എച്ച്.എസ്.ഇ, പോളിടെക്‌നിക്കുകളും ചേര്‍ത്താല്‍ 57230 സീറ്റുകളാണുള്ളത്. 26773 കുട്ടികള്‍ അപ്പോഴും പുറത്താണുണ്ടാവുക. പൊതു വിദ്യാഭ്യാസ ശാക്തീകരണം ലക്ഷ്യമിടുന്ന ഇടതു സര്‍ക്കാര്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളെ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ലന്നതാണ് ശരി. സാധാരണക്കാരുടെ മക്കള്‍ക്ക് അവിടങ്ങളിലെ ഫീസ് താങ്ങാനാവില്ലെന്നതാണ് അതിനുള്ള കാരണങ്ങളിലൊന്ന്. മലപ്പുറത്ത് 12900 ഉപരിപഠന സീറ്റുകളാണ് അണ്‍ എയ്ഡഡ് മേഖലയിലുള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. സര്‍ക്കാര്‍ അനുവദിച്ച സീറ്റുകളുടെ കണക്കുകള്‍ മാത്രമാണിത്. പ്രായോഗിക തലത്തില്‍ ഇത്രയും സീറ്റുകള്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. നിലവില്‍ തന്നെ ഒരു ക്ലാസില്‍ അമ്പതിലധികം വിദ്യാര്‍ഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാര്‍ഥികള്‍ ഒരു ക്ലാസിലുണ്ടാകുമ്പോള്‍ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. ഇത് പ്രായോഗിക തലത്തില്‍ പല സ്‌കൂളിനും സാധ്യമല്ലാത്തതിനാല്‍ അവരീ വര്‍ധനവ് പൂര്‍ണമായും നടപ്പിലാക്കുകയില്ല. അങ്ങനെയാവുമ്പോള്‍ ഇപ്പോള്‍ അനുവദിച്ച സീറ്റുകള്‍ പോലും ഉണ്ടാവുകയില്ല. അധിക ബാച്ചുകളനുവദിച്ചാലേ ഹയര്‍ സെക്കണ്ടറി മേഖലയില്‍ മലബാര്‍ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്ന് ഫ്രറ്റേണിറ്റി പറയുന്നത് അതിനാലാണ്. ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയോട് ഫ്രറ്റേണിറ്റി ജില്ല നേതൃത്വം നേരില്‍ കണ്ട് പറയുകയും ബാച്ച് അനുവദിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റുകളുടെ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രി അന്ന് ഫ്രറ്റേണിറ്റി നേതാക്കളോട് പറഞ്ഞത്. എന്നാല്‍ ഇതേ വിഷയം മലപ്പുറം ജില്ലയിലെ ജനപ്രതിനിധികള്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ മലപ്പുറത്ത് ആവശ്യത്തിന് സീറ്റുണ്ടെന്നും ഇനി വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. നിയമസഭയില്‍ ഇത് പറഞ്ഞ് ഒരാഴ്ച്ചക്കകമാണ് 10 ശതമാനം സീറ്റ് വര്‍ധിപ്പിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. നിയമസഭയില്‍ മന്ത്രി പറഞ്ഞ മറുപടി സര്‍ക്കാറിന് ബോധ്യപ്പെട്ടിട്ടില്ലെന്നതാണ് ഈ ഉത്തരവ് തെളിയിക്കുന്നത്. സീറ്റിന്റെ അപര്യാപ്തതയുള്ള ജില്ലകളായ മലബാര്‍ മേഖലയില്‍ സീറ്റുകള്‍ കൂട്ടുന്നതിന് പകരം സര്‍ക്കാറിന് ബാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സര്‍ക്കാര്‍ തന്നെ സീറ്റുകള്‍ അധികമുള്ള ജില്ലകളില്‍ അധിക ബാച്ചുകളും അധിക സീറ്റുകളും അനുവദിച്ച് കൊണ്ടുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ട്. നിലവില്‍ മലപ്പുറം ജില്ല അനുഭവിക്കുന്ന വിവേചന ഭീകരതയുടെ ആഴം മനസ്സിലാക്കാന്‍ തെക്കന്‍ ജില്ലകളിലെ കണക്ക് നോക്കിയാല്‍ മതി. പത്തനംതിട്ടയില്‍ പ്ലസ് വണ്‍ അപേക്ഷകര്‍ 17533, സീറ്റുകള്‍-18870, അതായത് 1337 സീറ്റുകള്‍ അധികം. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ പരിഗണിച്ചാല്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 20 ശതമാനത്തോളം സീറ്റുകള്‍ അധികമാണ്.

നിലവില്‍ മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ 40 ഹൈസ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറിയില്ല. അത്തരം സ്‌കൂളുകളില്‍ ഹയര്‍ സെക്കണ്ടറി അനുവദിക്കുകയും, തെക്കന്‍ ജില്ലകളിലുള്ള അധിക ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റുകയും, നിലവിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ പുതിയ ബാച്ചുകളനുവദിച്ചും ഈ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. അതിനിനിയും താമസം വരുത്തിയാല്‍ മലപ്പുറത്തെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് ഫ്രറ്റേണിറ്റി നേതൃത്വം നല്‍കും. അതിന്റെ സൂചനയായി ജൂണ്‍ 23 ശനിയാഴ്ച്ച രാവിലെ 10 ന് വിദ്യാര്‍ഥികളെ അണിനിരത്തി ഫ്രറ്റേണിറ്റി കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

വാര്‍ത്ത സമ്മേളനത്തില്‍
1. ബഷീര്‍ തൃപ്പനച്ചി (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
2. ഹബീബ റസാഖ് (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
3. സാബിഖ് വെട്ടം (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
4. ബാസിത് മലപ്പുറം (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
5. ഷാഫി കൂട്ടിലങ്ങാടി (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം).
എന്നിവര്‍ പങ്കെടുത്തു.

Sharing is caring!