ലോകകപ്പില്‍ ആദ്യ അട്ടിമറി, മെക്സിക്കന്‍ തിരമാലയില്‍ ജര്‍മനി വീണു

മോസ്കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലുഷ്നിക്കി സ്റ്റേഡിയം സാക്ഷിയായി. നിലവിലെ ചാംപ്യന്മാരായ ജര്‍മനിക്ക് ആദ്യ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് എഫിലെ കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തില്‍ മെക്സിക്കോയാണ് ജര്‍മനിയെ എതിരില്ലാത്ത ഒരു ഗോളിന് ഞെട്ടിച്ചത്. 35ാം മിനിറ്റില്‍ ഹിര്‍വിങ് ലൊസാനോയുടെ ഗോളില്‍ മെക്സിക്കോ അവിസ്മരണീയ ജയം കുറിക്കുകയായിരുന്നു.
കളിയിലുടനീളം ജര്‍മനി ആധിപത്യം പുലര്‍ത്തിയെങ്കിലും ഇവ ഗോളാക്കി മാറ്റാനായില്ല. മെക്സിക്കോയാവട്ടെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെ ജര്‍മനിയുടെ കഥ കഴിക്കുകയായിരുന്നു. മെക്സിക്കോയുടെ വിജയഗോള്‍ പിറന്നതും കൗണ്ടര്‍ അറ്റാക്കില്‍ നിന്നായിരുന്നു.
രണ്ടാംപകുതിയില്‍ കൗണ്ടര്‍ അറ്റാക്കില്‍ നിന്നു മെക്സിക്കോയ്ക്കു ലീഡുയര്‍ത്താനുള്ള ചില മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ടാംപകുതിയില്‍ ജര്‍മനിയുടെ സമഗ്രാധിപത്യമാണ് കണ്ടത്. ഇരുവിങുകളിലൂടെയും ഗോളിനായി ജര്‍മനി തുടരെ നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
ലൈനപ്പ്
ജര്‍മനി- നുയര്‍, പ്ലാറ്റെന്ഹാട്ട്, ഹമ്മല്‍സ്, ബോട്ടെങ്, കിമ്മിച്ച്, ക്രൂസ്, ഖെദീറ, ഡ്രാക്സ്ലര്, ഓസില്‍, മുള്ളര്‍, വെര്‍ണര്‍
മെക്സിക്കോ- ഒക്കോവ, സാല്‍സെഡോ, അയാല, മൊറേനോ, ഗല്ലാര്‍ഡോ, ഗ്വര്‍ഡാഡോ, ഹെരേര, ലയുന്, വെല, ലൊസാനോ, ഹെര്‍ണാണ്ടസ്.
സമനില ഗോളിനായി ജര്‍മനി തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തി. കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡുയര്‍ത്താന്‍ മെക്സിക്കോയ്ക്ക് ഒന്നിലേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 74ാം മിനിറ്റില്‍ ഗ്വര്ഡായോയെ പിന്‍വലിച്ച് മെക്സിക്കോ മുന്‍ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസിനെ ഇറക്കി. ഇതോടെ അഞ്ചു ലോകകപ്പില്‍ കളിക്കുന്ന മൂന്നാമത്തെ താരമായി മാര്‍ക്വസ് മാറി. 70ാം മിനിറ്റില്‍ മെക്സിക്കോയുടെ അപകടകരമായ കൗണ്ടര്‍അറ്റാക്ക്. ത്രൂബോള്‍ സ്വീകരിച്ച് ഒറ്റയ്ക്ക് ബോക്സിനുള്ളിലേക്കു കുതിച്ച ഹെര്‍ണാണ്ടസിനെ ജര്‍മന്‍ ഡിഫന്‍ഡര്‍ ഹമ്മല്‍സ് പിടിച്ചുവീഴ്ത്തിയെങ്കിലും റഫറി പെനല്‍റ്റി നല്‍കിയില്ല. 60ാം മിനിറ്റില്‍ ഖെദീറയെ പിന്‍വലിച്ച് ജര്‍മനി മാര്‍കോ റ്യൂസിനെ ഇറക്കി. 56ാം മിനിറ്റില്‍ മെക്സിക്കോയ്ക്ക് ലീഡുയര്‍ത്താന്‍ സുവര്‍ണാവസരം. ഇത്തവണയും കൗണ്ടര്‍ അറ്റാക്കാണ് ജര്‍മനിയെ വിറപ്പിച്ചത്. എന്നാല്‍ ഗോളി നുയര്‍ മാത്രം മുന്നില്‍ നില്‍ക്കെ ഹെക്ടര്‍ ഹെരേരയുടെ ഷോട്ട് ലക്ഷ്യം കാണാതെ പറന്നു.
39ാം മിനിറ്റില്‍ സമനില ഗോള്‍ നേടുന്നതില്‍ നിന്നും ക്രോസ് ബാര്‍ ജര്‍മനിയെ തടഞ്ഞു. അപകടകരമായ പൊസിഷനില്‍ നിന്നും ക്രൂസിന്റെ വെടിയുണ്ട കണക്കെയുള്ള ഫ്രീകിക്ക് മെക്സിക്കന്‍ ഗോളി ഒക്കോവ പറന്നുയര്‍ന്നു കുത്തിയകറ്റിയപ്പോള്‍ പന്ത് ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.
35ാ മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ലൊസാനോയാണ് മെക്സിക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. ജര്‍മന്‍ ഡിഫന്‍ഡര്‍ ബോട്ടെങ്കിനെ വെട്ടിച്ച് ഹെര്‍ണാണ്ടസ് കൈമാറിയ പാസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലൊസാനോ വലയിലേക്ക് അടിച്ചുകയറ്റി.
ജര്‍മന്‍ ഗോള്‍മുഖം വിറപ്പിച്ച് മെക്സിക്കോയുടെ തുടരെയുള്ള കൗണ്ടര്‍ അറ്റാക്കുകള്‍. എന്നാല്‍ എല്ലാം ജര്‍മന്‍ പ്രതിരോധമതിലില്‍ തട്ടി തകര്‍ന്നു. 18ാം മിനിറ്റില്‍ ജര്‍മനിയെ മെക്സിക്കോ വീണ്ടും വിറപ്പിച്ചു. മിന്നല്‍ നീക്കത്തിനൊടുവില്‍ ഇടതുമൂലയിലൂടെ ഹെര്‍ണാണ്ടസ് ബോക്സിനുള്ളിലേക്കു ഇരമ്പിയെത്തിയപ്പോള്‍ മുന്നില്‍ ഗോളി നുയര്‍ മാത്രം. എന്നാല്‍ ജര്‍മന്‍ പ്രതിരോധനിര ഇടപെട്ട് അപകടമൊഴിവാക്കി.
14ാം മിനിറ്റില്‍ ഗോളി നുയര്‍ വീണ്ടും ജര്‍മനിയുടെ രക്ഷകനായി. വലതുമൂലയില്‍ നിന്നുള്ള ഫ്രീകിക്കിനൊടുവില്‍ മൊറേനോയുടെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍ വലതു വശത്തേക്ക് ഡൈവ് ചെയ്ത് നുയര്‍ പിടിയിലൊതുക്കി
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]