മലപ്പുറം ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ രണ്ടുപേര്‍ മരിച്ചു

മലപ്പുറം ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ രണ്ടുപേര്‍ മരിച്ചു

മലപ്പുറം: ജില്ലയിലുണ്ടായ ശക്തമായ മഴയില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ പുഴയില്‍ കാണാതായി. മലയോരമേഖലയില്‍ ഉരുള്‍പൊട്ടി കനത്ത നാശനഷ്ടമുണ്ടായി. അപകട ഭീഷണിയുളള പ്രദേശങ്ങളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പടിഞ്ഞാറേക്കര അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞ് താനൂര്‍ അഞ്ചുടി കടപ്പുറത്തെ കുട്ട്യാമുവിന്റെ പുരയ്ക്കല്‍ ഹംസ (58), പാടത്തെ വെളളക്കെട്ടില്‍ വീണ് മഞ്ചേരി പുല്‍പ്പറ്റ അബൂബക്കറിന്റെ മകന്‍ സുനീര്‍ (33) എന്നിവരാണ് മരിച്ചത്. നിലമ്പൂരില്‍ ചാലിയാറിന്റെ പോഷകനദികളായ കരിമ്പുഴയിലും കുതിരപ്പുഴയിലും ഒഴുക്കില്‍പ്പെട്ട് കാണാതായ ഏനാന്തി കരുവന്‍കുഴി വാഴക്കുണ്ടന്‍ ആലിക്കുട്ടിഖദീജ ദമ്പതികളുടെ മകന്‍ നിസാമുദ്ദീന്‍(40), നിലമ്പൂര്‍ പട്ടരാക്ക സ്വദേശി അബ്ദുറഹ്മാന്‍(23) എന്നിവര്‍ക്കായി തെരച്ചില്‍ ശക്തമാക്കി. ഇവരെ കണ്ടെത്താന്‍ ജില്ലാകളക്ടര്‍ നാവികസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചു.
ബുധനാഴ്ച രാവിലെ കടലില്‍ കാണാതായ ഹംസയുടെ(58) മൃതദേഹം ചാവക്കാട് പ്ലാങ്ങാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പൊന്നാനി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പൊന്നാനി ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: സുബൈദ. മക്കള്‍: നൗഫല്‍, ഫൗസിയ, ഹസൈന്‍, ഹുസൈന്‍, ആത്തിക, സഫൂറ, ഹയറുന്നിസ. മരുമക്കള്‍: പരേതനായ ഉമ്മര്‍, കുഞ്ഞാവ, ആബിദ്, റാഫി, വാഹിദ. മൃതദേഹം ഉച്ചയ്ക്ക് രണ്ടിന് അഞ്ചുടി മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ കബറടക്കി.
ചീതോടത്ത് പാടത്തെ വെളളക്കെട്ടില്‍ വീണാണ് സുനീര്‍ (33) മരിച്ചത്. വ്യാഴാഴ്ച രാവിലെ പാടത്ത് മഴവെളളം കയറിയത് കാണാന്‍ വീട്ടില്‍ നിന്ന് പോയതായിരുന്നു. കാണാതായതോടെ നാട്ടുകാരും പൊലിസും ചേര്‍ന്ന് നടത്തിയ തെരച്ചില്‍ മൂന്നുമണിയോടെ പാടത്ത് വെളളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. സൗദിയിലായിരുന്ന സുനീര്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയതായിരുന്നു. മാതാവ്: മറിയുമ്മ. ഭാര്യ: മുഹ്‌സീന. മക്കള്‍: മിന്‍ഹ, മിര്‍ഫ. സഹോദരങ്ങള്‍: ജംഷീര്‍, കുട്ടിഹസ്സന്‍,റസിയ,ബുഷ്‌റ,
എടവണ്ണയില്‍ ചാത്തല്ലൂരിലും പരിസരങ്ങളിലും ഉരുള്‍ പൊട്ടി കനത്ത നാശനഷ്ടമുണ്ടായി. നിലമ്പൂര്‍ താലൂക്കില്‍ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍ മൂലം 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏറനാട് താലൂക്കില്‍ വെറ്റിലപ്പാറ വില്ലേജിലെ വെങ്ങോട്ടുപൊയില്‍, പെരകമണ്ണ വില്ലേജിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Sharing is caring!