പാണക്കാട് ഹൈദരലി തങ്ങളുടെ പെരുന്നാള്‍ സന്ദേശം

പാണക്കാട് ഹൈദരലി തങ്ങളുടെ പെരുന്നാള്‍ സന്ദേശം

മലപ്പുറം: മനസ്സിലും സമൂഹത്തിലും സംതൃപ്തിയും സമാധാനവും നിലനില്‍ക്കുന്നതിനുള്ള പ്രാര്‍ഥനയായിരിക്കണം ഈദുല്‍ഫിത്വര്‍ എന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. പരസ്പര സ്നേഹം കാത്തുസൂക്ഷിച്ച,് നന്മയുടെ പാതയില്‍ ഭിന്നതകള്‍ മറന്ന് ഐക്യത്തോടെ മുന്നേറുന്ന സമൂഹത്തിനു മാത്രമേ വിജയം കൈവരിക്കാന്‍ കഴിയൂ. നിറത്തിന്റെയും ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാമ്പത്തിക, ഭാഷാ, ദേശ വിവേചനങ്ങളുടെയും പേരില്‍ മനുഷ്യര്‍ തമ്മിലകന്നും ഒന്നു മറ്റൊന്നിനെ കൊന്നും കീഴ്പ്പെടുത്തിയും മുന്നേറുന്ന ഈ കാലത്ത് സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സമാധാനത്തിനുള്ള പോംവഴി. മനുഷ്യര്‍ ഒന്നാണ് എന്ന സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ കൈമാറുന്നത്.
പ്രകൃതിയിലെ ഓരോ സംഭവവികാസവും പരീക്ഷണങ്ങളായികണ്ട് മനസ്സ് ദൈവിക വിശ്വാസത്തില്‍ ബലപ്പെടുത്താനും ഏത് പ്രക്ഷുബ്ധരംഗത്തെയും ആത്മസംയമനത്തോടെ അഭിമുഖീകരിക്കാനും സാധിക്കണം. എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടുപോകുമ്പോള്‍ ഭൗതിക വ്യാമോഹങ്ങള്‍ നമ്മെ പ്രലോഭിപ്പിക്കുകയില്ലെന്നും അധികാരത്തിന്റെയും സമ്പത്തിന്റെയും മത, ജാതി, വര്‍ണ, ദേശ വിവേചനങ്ങളുടെയും പേരില്‍ കിടമത്സങ്ങള്‍ക്ക് നാം വശംവദരാവില്ലെന്നും ഉറപ്പാണ്. അതോടൊപ്പം പെരുന്നാളിന്റെ ആഘോഷപ്പൊലിമയില്ലാതെ അനേകംപേര്‍ നമുക്കു ചുറ്റിലും കോടിക്കണക്കിനു സഹോദരങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും വേദനാനിര്‍ഭരമായി കഴിഞ്ഞുകൂടുന്നത് ഓരോ വിശ്വാസിയുടെയും ഓര്‍മയിലുണ്ടാവണം.
യുദ്ധവും സംഘര്‍ഷങ്ങളും ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും വഴി കഷ്ടതയനുഭവിക്കുന്ന സര്‍വമനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിനും കാരുണ്യത്തിന്റെ സഹായഹസ്തം നീട്ടാനും ഈദുല്‍ഫിത്വര്‍ദിനം തയ്യാറാകുക. മനുഷ്യരെല്ലാം ഒന്നാണ് എന്ന മന്ത്രവുമായി മുന്നോട്ടു പോവുക. എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍, വലില്ലാഹില്‍ ഹംദ്.

Sharing is caring!