റമദാനില്‍നേടിയെടുത്ത ജീവിത വിശുദ്ധി ആര്‍ജവമാക്കി മുന്നേറുക: സമസ്ത നേതാക്കള്‍

റമദാനില്‍നേടിയെടുത്ത  ജീവിത വിശുദ്ധി  ആര്‍ജവമാക്കി മുന്നേറുക:  സമസ്ത നേതാക്കള്‍

മലപ്പുറം: വിശുദ്ധ റമദാനില്‍നേടിയെടുത്ത ജീവിതവിശുദ്ധി തുടര്‍ജീവിതത്തിലെ ആര്‍ജവമവമാക്കി മുന്നേറണമെന്നു സമസ്ത കേരേളാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍, ജനറല്‍സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്ലിയാര്‍ എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. വിശ്വാസ വിശുദ്ധിയുടെ മനസുമായി തുടര്‍ജീവിതത്തെ സംശുദ്ധമാക്കാനുളള വേളയാണ് റമദാന്‍ സമ്മാനിച്ചത്. മനസ്സിന്റെ മാലിന്യങ്ങള്‍ ഒഴിവാക്കി സ്ഫുടം ചെയ്യാനും പൈശാചിക പ്രലോഭനങ്ങളില്‍ നിന്നും മുക്തമായി ആത്മീയമായ ചെറുത്തു നില്‍പ്പുനേടാനുമാണ് വ്രതാനുഷ്ടാനം പാകപ്പെടുത്തിയത്. ആത്മീയ ചൈതന്യത്തെ ജീവിതക്രമമായി സ്വീകരിച്ച വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമാണ് ഈദുല്‍ഫിത്വര്‍. ആഘോഷത്തെ ആരാധനകളാല്‍ സമൃദ്ധമായി സ്രഷ്ടാവിലേക്കു സമര്‍പ്പിക്കാനുളള പ്രതിജ്ഞാവേളയാവണം ആഘോഷങ്ങള്‍. നിപാ വൈറസ് ബാധയേറ്റ് സഹോദര,സഹോദരിമാര്‍ മരണപ്പെടുകയും നാം ആശങ്കയില്‍ കഴിയുകയും ചെയ്ത ദിനങ്ങളായിരുന്നു ഈയിടെ കടന്നുപോയത്. പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തങ്ങളും ആവര്‍ത്തിക്കുന്നത് ദൈവീക പരീക്ഷണങ്ങളാണ്. സ്രഷ്ടാവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായിരിക്കണം വിശ്വാസിയുടെ ജീവിതം. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കുന്ന മനസു രൂപപ്പെടുത്തണം. അതാണ് വിജയത്തിന്റെ മാര്‍ഗം. മാനസികവും ആരോഗ്യപരവുമായ ജീവിതത്തെ മലിനമാക്കുന്ന ദുശ്ശീലങ്ങളും കുറ്റകൃത്യങ്ങളും വെടിയാനും സ്നേഹവും സഹിഷണുതയും ദയയും കരുണയും ചിട്ടപ്പെടുത്താനുമുള്ള മനസുകള്‍ നേടിയെടുക്കുകയാണ് വേണ്ടത്.വ്രതവിശുദ്ധിയിലൂടെ നേടിയെടുത്ത ഊര്‍ജം അതിനു പ്രേരകമാണെന്നും,തിന്‍മക്കെതിരെ നന്‍മയുടെ മുന്നേറ്റത്തിനുളള വിളംബരമാണ് പെരുന്നാളാഘോഷം. എല്ലാ സഹോദരങ്ങള്‍ക്കും നന്‍മ നിറഞ്ഞ പെരുന്നാള്‍ സന്തോഷം കൈമാറുന്നു. അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്.

Sharing is caring!