ലോകകപ്പ്; മലപ്പുറത്തുകാര്‍ക്കിനി ഉറക്കമില്ലാരാത്രികള്‍

മലപ്പുറം: നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകകപ്പ് തുടങ്ങുകയാണ്. ഇനി ഉറക്കമില്ലാത്ത രാത്രികളാണ് മലപ്പുറത്തുകാര്‍ക്ക്.
ഇന്നു രാത്രി 8.30നാണ് കിക്കോഫ്. ആതിഥേയരായ റഷ്യ സൗദി അറേബ്യയെ നേരിടുന്നു. അതിനുമുമ്പ് അരമണിക്കൂര്‍ റഷ്യന്‍ കലാകാരന്മാരുടെ നൃത്തസംഗീത വിരുന്ന്. ബ്രിട്ടീഷ് പോപ്താരം റോബി വില്യംസ് സംഘത്തെ നയിക്കും. മോസ്‌കോയിലെ ലുഷ്‌നികി സ്റ്റേഡിയത്തിലാണ് ഉദ്ഘാടനചടങ്ങും ആദ്യ കളിയും. 80,000 പേര്‍ക്ക് ഇരിക്കാവുന്ന ഇതേ സ്റ്റേഡിയത്തിലാണ് ജൂലൈ 15ന് ഫൈനല്‍.

32 ദിവസം 32 ടീമുകള്‍ 12 വേദികളില്‍ പോരടിക്കും. ടീമുകളെ എട്ട് ഗ്രൂപ്പായി തിരിച്ചാണ് കളികള്‍. നാളെമുതല്‍ മൂന്നു കളികളുണ്ടാകും. 28ന് ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാകും. പ്രീ ക്വാര്‍ട്ടര്‍ 30ന് തുടങ്ങും. ജൂലൈ ആറിനും ഏഴിനുമാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. സെമിഫൈനല്‍ ജൂലൈ 10നും 11നും. 14ന് ലൂസേഴ്‌സ് ഫൈനല്‍ കഴിഞ്ഞ് അടുത്തദിവസം ഫൈനല്‍.

ആകെ 736 കളിക്കാര്‍, 64 കളികള്‍. സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്, സോച്ചി, എകതെറിന്‍ബര്‍ഗ്, കസാന്‍, നിഷ്‌നി നൊവ്‌ഗൊറോദ്, റൊസ്‌തോവ് ഓണ്‍ ഡോണ്‍, സമാറ, സറാന്‍സ്‌ക്, വൊള്‍ഗോഗ്രേഡ്, മോസ്‌കോ സ്പാര്‍ട്ടക്, കാലിനിന്‍ഗ്രേഡ് എന്നിവയാണ് മറ്റ് സ്റ്റേഡിയങ്ങള്‍.

ലോകകപ്പിന്റെ ഈ 21ാം പതിപ്പിലും ആരാധകരുടെ പ്രിയപ്പെട്ട ടീം അഞ്ചുതവണ കിരീടം നേടിയ ബ്രസീല്‍തന്നെ. ഇക്കാലയളവില്‍ എട്ട് രാജ്യങ്ങള്‍ക്കു മാത്രമാണ് ലോകകപ്പ് സ്വന്തമാക്കാനായത്. ഇത്തവണയും യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള ബലാബലംതന്നെ. 2002നുശേഷം ലാറ്റിനമേരിക്കയില്‍നിന്നൊരു വിജയി ഉണ്ടായിട്ടില്ല. ആഫ്രിക്കയും ഏഷ്യയും സാന്നിധ്യം അറിയിച്ച് മടങ്ങും. ക്വാര്‍ട്ടര്‍ കടക്കുകയാണ് ആഫ്രിക്കന്‍ ടീമുകളുടെ ലക്ഷ്യം. ഈജിപ്തിനൊപ്പം ടുണീഷ്യ, നൈജീരിയ, സെനെഗല്‍, മൊറോകോ ടീമുകളാണ് ആഫ്രിക്കയില്‍നിന്നുള്ളത്. ഏഷ്യയില്‍നിന്ന് ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഇറാന്‍ ടീമുകളാണ്. ആദ്യറൗണ്ടിനപ്പുറം പ്രതീക്ഷയില്ല ഈ ഏഷ്യന്‍സംഘങ്ങള്‍ക്ക്.

1958ല്‍ ആദ്യകിരീടം നേടിയ ബ്രസീല്‍ 1962, 1970, 1994, 2002 വര്‍ഷങ്ങളില്‍ നേട്ടം ആവര്‍ത്തിച്ചു. കഴിഞ്ഞതവണ സെമിയില്‍ സ്വന്തം തട്ടകത്തില്‍ ജര്‍മനിയോടേറ്റ തോല്‍വിയാണ് (71) ഏറ്റവും വലിയ ദുരന്തം. ആ സങ്കടം തീര്‍ക്കാനാകും നെയ്മറും സംഘവും ബൂട്ട്‌കെട്ടുന്നത്. നാല് കിരീടം നേടിയ ജര്‍മനി (1954, 1974, 1990, 2014) തൊട്ടടുത്തുണ്ട്. ലോകകപ്പ് വേദികളില്‍ അത്ഭുതകരമായി രൂപമാറ്റം വരും ജര്‍മനിക്ക്്. നാല് ലോകകപ്പ് കൈവശമുള്ള ഇറ്റലിക്ക് ഇത്തവണ യോഗ്യത നേടാനായില്ല.

മെസി വിടപറയുന്നത് ലോകകപ്പുമായാകുമെന്നത് അര്‍ജന്റീനയുടെ മാത്രമല്ല, ലോകമെങ്ങുമുള്ള ആരാധകരുടെ ആഗ്രഹമാണ്. 1978ലും 1986ലുമാണ് അവര്‍ക്ക് കിരീടം നേടാനായത്. പിന്നീട് ഓരോ തവണയും അവര്‍ മോഹിപ്പിച്ച് മറഞ്ഞുകൊണ്ടിരുന്നു. 1930ലും 1950ലും ജേതാക്കളായ ഉറുഗ്വേക്കും 1966ല്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും പിന്നീട് ഈ ലോകവേദിയില്‍ ഉയിര്‍പ്പുണ്ടായില്ല. 1998ല്‍ ഫ്രാന്‍സും 2010ല്‍ സ്‌പെയ്‌നും സ്വര്‍ണക്കപ്പില്‍ തൊട്ടു. ഇത്തവണത്തെ പോരില്‍ ഇവര്‍ രണ്ടുപേരും മുന്നിലുണ്ട്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *