പോലീസ് വിരുദ്ധ പ്രചരണത്തിനെതിരെ മന്ത്രി കെടി ജലീല്‍

പോലീസ് വിരുദ്ധ പ്രചരണത്തിനെതിരെ മന്ത്രി കെടി ജലീല്‍

മലപ്പുറം: ആലുവയില്‍ യുവാവിന് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണത്തിനെതിരെ മന്ത്രി കെടി ജലീല്‍. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം പോലീസിനെയും സര്‍ക്കാരിനെയും ന്യായീകരിക്കുന്നത്. ഇത് സംബന്ധിച്ച് തത്പരകക്ഷികളും ചില ചാനലുകളും നടത്തുന്ന പ്രചരണങ്ങള്‍ മുസ്‌ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുകയെന്ന് മന്ത്രി കെടി ജലീല്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നോമ്പും ഉസ്മാനും
—————————————
ആലുവയില്‍ ഉസ്മാനെന്നയാളെ പോലീസ് അകാരണമായി മര്‍ദ്ദിച്ചുവെന്ന് പറയപ്പെടുന്ന സംഭവവുമായി ബന്ധപ്പെട്ട് തല്‍പരകക്ഷികളും ചില ചാനലുകളും നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ മുസ്ലിം സമുദായത്തെ രക്ഷിക്കാനല്ല ഒറ്റപ്പെടുത്താനാണ് ഉപകരിക്കുക . നോമ്പ് കാരനായ ഉസ്മാനെ മര്‍ദ്ദിച്ചു എന്നാണ് നിയമസഭക്കകത്ത് പ്രതിപക്ഷവും പുറത്ത് ഇടതുപക്ഷവിരുദ്ധ പത്രദൃശ്യ മാധ്യമങ്ങളും പറഞ്ഞ് കൊണ്ടിരിക്കുന്നത് .

നോമ്പ്കാലം സഹനത്തിന്റെ മാസമെന്നാണ് ഇസ്ലാംമത വിശ്വാസികള്‍ കരുതുന്നത് . ക്ഷമ വിശ്വാസിയുടെ മുഖമുദ്രയാകേണ്ട സമയത്താണ് , പറഞ്ഞവസാനിപ്പിച്ച ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കി പ്രകോപനമുണ്ടാക്കി ‘നോമ്പുകാരനായ’ ഉസ്മാന്‍ പോലീസ് ഡ്രൈവറായ അഫ്‌സലെന്ന മറ്റൊരു ‘നോമ്പുകാരന്റെ’ ദേഹത്ത് കൈവെച്ചത് . ആ ഘട്ടത്തില്‍ അഫ്‌സലിന്റെ രക്ഷക്കെത്തി ഉസ്മാനെ മര്‍ദ്ദിച്ചുവെന്ന് അദ്ദേഹം തന്നെ പറയുന്ന പോലീസുകാരില്‍ ഒരാള്‍ മറ്റൊരു ‘നോമ്പുകാരനായ’ അബ്ദുല്‍ ജലീലാണ് . ASI പുഷ്പരാജനും കൂടെയുണ്ടായിരുന്നു . തുടക്കമിട്ടത് ഉസ്മാനാണെങ്കിലും പോലീസ് കാണിക്കേണ്ട അവധാനത കാണിച്ചില്ലെന്നതിന്റെ പേരിലാണ് മൂന്ന് പോലീസുകാര്‍ക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടായത് . ഉസ്മാനെ രക്ഷിക്കാനെന്ന മട്ടില്‍ സ്റ്റേഷനിലും ആശുപത്രിയിലുമെത്തി കുഴപ്പത്തിന് ശ്രമിച്ചവരില്‍ ഭൂരിഭാഗവും ആരായിരുന്നു ? കോണ്‍ഗ്രസ്സുകാരോ ലീഗുകാരോ ആയിരുന്നോ ? അല്ലെന്നതല്ലേ യാഥാര്‍ത്ഥ്യം . തന്റെ എളാപ്പയുടെ മകനായ ഉസ്മാനെ രക്ഷിക്കാനെന്ന വ്യാജേന പ്രശ്‌നത്തില്‍ ഇടപെട്ട ഇസ്മായിലിനെതിരെ ഭീകരപ്രവര്‍ത്തനത്തിന് ഒത്താശചെയ്ത് കൊടുത്തതുള്‍പ്പടെ നിരവധി കേസുകളാണുള്ളതെന്ന് രേഖകള്‍ സാക്ഷ്യപ്പെട്ടുത്തുന്നുണ്ട് . SDPI ക്ക് വേണ്ടി BJP യും BJP ക്ക് വേണ്ടി SDPI യും പരസ്പരം വാദിക്കുന്നത് ഒന്നില്ലെങ്കില്‍ മറ്റൊന്നുണ്ടാവില്ലെന്ന ബോദ്ധ്യത്തിന്റെ കൂടി വെളിച്ചത്തിലാണ് .

ഉസ്മാനെന്ന കഥാപുരുഷന് കാക്കിയോട് മുമ്പേ അലര്‍ജിയാണെന്നത് രഹസ്യമായപരസ്യമാണ് . ഈ ‘പഞ്ചപാവംഇര’ ഒരു SI യെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണെന്ന കാര്യം ബോധപൂര്‍വ്വം ചാനലുകളും പത്രങ്ങളും മറച്ചുവെച്ചു . പ്രതിപക്ഷവും അത് ഒളിപ്പിച്ചുവെച്ചു . തങ്ങളുദ്ദേശിച്ചത് നടക്കാന്‍ എന്ത് നെറികെട്ട മാര്‍ഗ്ഗവും സ്വീകരിക്കാന്‍ യാതൊരു മടിയുമില്ലെന്ന വസ്തുതയാണ് വാര്‍ത്താ വക്രീകരണത്തിലൂടെ മാധ്യമങ്ങള്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നത് .

ഷുക്കൂര്‍ എന്ന MSF കാരന്‍ വധിക്കപ്പെട്ടപ്പോള്‍ ‘മുസ്ലിമായ’ ഷുക്കൂറിനെ കൊന്നുവെന്ന് പ്രചരിപ്പിച്ചു . ഫസല്‍ എന്ന NDF പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ‘മുസ്ലിമായ’ ഫസലിനെ വകവരുത്തിയെന്നായിരുന്നു പ്രചരണം . ഷുഹൈബെന്ന യൂത്ത് കോണ്‍ഗ്രസ്സുകാരന്‍ അക്രമത്തില്‍ മരണപ്പെട്ടപ്പോള്‍ ‘മുസ്ലിമായ’ ഷുഹൈബിനെ തട്ടിയെന്നായിരുന്നു നാട്ടില്‍ പറഞ്ഞ് നടന്നത് . ഇടതുപക്ഷ ഭരണത്തിന് കീഴില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്നു വരുത്തിത്തീര്‍ക്കാന്‍ മുസ്ലിംലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും SDPI യും കുറച്ച് കാലമായി ശ്രമിക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും . അതിന് കോണ്‍ഗ്രസ്സ് ചൂട്ടു പിടിക്കുന്നത് എന്തിനാണ് ? ഇത്തരമൊരു പ്രചാരണത്തിനു പിന്നിലെ ഒളിയജണ്ട തിരിച്ചറിയാന്‍ പ്രബുദ്ധ കേരളത്തിനാകണം . മുസ്ലിങ്ങള്‍ മേല്‍പറഞ്ഞ മൂന്ന് പാര്‍ട്ടികളിലല്ലാതെ വേറെ ഒരു പാര്‍ട്ടിയിലും വിശിഷ്യാ സി.പി.എമ്മില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് സമുദായ പാര്‍ട്ടികളുടെ അപ്രഖ്യാപിത പൊതുനയം . അറിഞ്ഞോ അറിയാതെയോ ചില പത്രമാധ്യമങ്ങള്‍ ഇതിന് പ്രോല്‍സാഹനം നല്‍കുന്നത് കേരളത്തിന്റെ മതേതര മനസ്സിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായിക്കുകയുള്ളു . വ്യത്യസ്ത മതസമുദായക്കാര്‍ അവരവരുടെ സമുദായ ഭൂമികയിലെ രാഷ്ട്രീയ പാര്‍ട്ടികളിലേ അണിനിരക്കാവൂ എന്ന ബന്ധപ്പെട്ടവരുടെ ശാഠ്യം അംഗീകരിച്ചു കൊടുക്കാന്‍ നിന്നാല്‍ മലയാളത്തിന്റെ മതേതര ബോധമാകും ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടുക .

കേരളത്തില്‍ എന്നൊക്കെ വര്‍ഗീയ കലാപമോ ധ്രുവീകരണമോ നടന്നിട്ടുണ്ടോ അന്നൊക്കെ UDF ആയിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത് . തലശ്ശേരി കലാപ വേളയിലും , മാറാട് ഒന്നും രണ്ടും കലാപകാലത്തും , ചാല കത്തിയെരിഞ്ഞപ്പോഴും , അലപ്പുഴ നബിദിന റാലിക്കുനേരെ പോലീസ് വെടിവെപ്പ് നടത്തിയപ്പോഴും , പാലക്കാട് സിറാജുന്നിസ എന്ന പെണ്‍കുട്ടി വെടിവെപ്പില്‍ മരണമടഞ്ഞപ്പോഴും , കിള്ളിയില്‍ മുസ്ലിങ്ങള്‍ പോലീസ് അതിക്രമത്തിന് വിധേയമായപ്പോഴും , പൂന്തുറ കലുഷിതമായ ഘട്ടത്തിലും ആരായിരുന്നു ഭരണത്തിലുണ്ടായിരുന്നത് എന്ന് LDF വിരുദ്ധര്‍ അന്വേഷിക്കുന്നത് നന്നാകും . ഹിന്ദു തീവ്രവാദികള്‍ പറയുന്നത് പിണറായി സര്‍ക്കാര്‍ ഹിന്ദുവിരുദ്ധരാണെന്നാണ് . മുസ്ലിം തീവ്രവാദികള്‍ ആണയിടുന്നത് പിണറായി ഗവണ്‍മെന്റ് മുസ്ലിം വിരുദ്ധ ഗവണ്‍മെന്റൊണെന്നാണ്. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരോ മുസ്ലിം വിരുദ്ധരോ അല്ല , ഹിന്ദു – മുസ്ലിം വര്‍ഗീയതകള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതി മുന്നോട്ട് പോകുന്നവരാണ് . ഒരേസമയം ഇരുഭാഗത്തുമുള്ള വര്‍ഗീയവാദികളാല്‍ എതിര്‍ക്കപ്പെടുന്നു എന്നുള്ളത് പിണറായി സര്‍ക്കാര്‍ ശരിയായ ദിശയിലാണെന്നതിന്റെ വ്യക്തമായ സൂചികയാണ് .

Sharing is caring!