ലോകകപ്പ് സമയത്ത് വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി

നെടുങ്കണ്ടം: ലോകകപ്പ് ഫുട്‌ബോള്‍ സമയത്ത് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി എംഎം മണി. താനൊരു ഫുട്‌ബോള്‍ പ്രേമിയാണെന്നും സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് മുമ്പ് കണ്ടിരുന്നു. വാതുവയ്പ്പ് വന്നതോടെ കളി കാണല്‍ നിര്‍ത്തിയതാണ്. സച്ചിനാണ് ഇഷ്ടതാരം മന്ത്രി പറഞ്ഞു.

ഇസ്രയേലിനെതിരായ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍മാറിയതിനെ പ്രകീര്‍ത്തിച്ച് എംഎം മണി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഫുട്‌ബോളിനോടുള്ള ഇഷ്ടം പറഞ്ഞത്. ‘ അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും’ ഇതായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ലോകകപ്പില്‍ തന്റെ ഇഷ്ട ടീമാരാണെന്ന് പറയാന്‍ മന്ത്രി തയ്യാറായില്ല.

Sharing is caring!