പോകുന്ന പോക്കിലും മലപ്പുറത്തുകാരിയുടെ ധീരത

പോകുന്ന പോക്കിലും  മലപ്പുറത്തുകാരിയുടെ ധീരത

മലപ്പുറം: ആലപ്പുഴയില്‍നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ച മകലക്ടര്‍ ടി.വി. അനുപമ അധികാരമൊഴിയും മുമ്പ് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടു.
മലപ്പുറം പൊന്നാനി സ്വദേശിയാണ് അനുപമ.

64 സെന്റ് വിസ്തൃതിയുള്ള സ്ഥലത്തെ പാര്‍ക്കിങ് ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് അയച്ചത്. റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്നാണ് ഇന്നലെ വൈകിട്ട് സ്ഥാനമൊഴിയുന്നതിന് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ക്കിങ് ഏരിയയില്‍ മണ്ണിട്ട് നികത്തിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയാണെന്ന് കണ്ടെത്തിയ കലക്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മാസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. തണ്ണീര്‍തട നിയമങ്ങള്‍ ലംഘിച്ചാണ് നിലം നികത്തിയതെന്നാണ് കണ്ടെത്തിയിരുന്നത്.

2003 ലാണ് ബണ്ടില്‍ മാറ്റങ്ങള്‍ വരുത്തിയത്. അന്ന് സ്ഥലമുടമ ലീലാമ്മ ഈശോ ആയിരുന്നു. ഇവര്‍ കമ്പനിയുടെ നേതൃസ്ഥാനത്തുള്ളയാളാണ്. അന്ന് നികത്തിയ ബണ്ടാണ് പിന്നീട് റിസോട്ടിന്റെ പാര്‍ക്കിങ് ഏരിയയായി മാറിയത്. 2006 ലാണ് ബണ്ടിന്റെ വീതി കൂട്ടിയതെന്നും അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിക്കുമെന്നാണ് ഇപ്പോഴത്തെ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മന്ത്രിയായിരിക്കെ തോമസ് ചാണ്ടിക്കെതിരേ കൈയേറ്റ ആരോപണങ്ങള്‍ സജീവമായപ്പോഴാണ് ടി.വി. അനുപമ ആലപ്പുഴ ജില്ലാ കലക്ടറായെത്തിയത്. അന്വേഷണം തുടങ്ങുകയും രണ്ട് തവണയായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ വിവാദമായ റോഡു നിര്‍മാണം, ബോയ ഉപയോഗിച്ചുള്ള കായല്‍ കൈയേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയിലാണു നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങാതെയാണ് അവര്‍ കൈയേറ്റങ്ങള്‍ അക്കമിട്ടു നിരത്തിയത്. പിന്നീട് സര്‍വേ നമ്പരിലെ പിശകിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നെങ്കിലും അത് തിരുത്തി കലക്ടര്‍ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് സ്ഥലംമാറ്റമുണ്ടായത്.

Sharing is caring!