ഖല്‍ബിന്റെ കവലയില്‍ ജര്‍മ്മനിക്കൊരു പടുകൂറ്റന്‍ ഫ്‌ലെക്‌സ്

മലപ്പുറം: ലോകകപ്പ് ആവേശത്തിലേക്ക് വീണ മലപ്പുറം വിവിധ ടീമുകളുടെ ഫ്‌ലക്‌സുകളാല്‍ അലങ്കൃതമാണ്. പ്രിയപ്പെട്ട ടീമിന്റെ ഫ്‌ലക്‌സ് വെക്കാന്‍ ലക്ഷണമൊത്ത സ്ഥലം കണ്ടെത്തി പലരും അത് ഉറപ്പിച്ചു കഴിഞ്ഞു. മലബാറില്‍ മാത്രമായി ലക്ഷകണക്കിന് രൂപയാണ് ഇതിന്ന് വേണ്ടി ചിലവാക്കുന്നത്. എന്നാല്‍ സ്വന്തം ടീമിനോടുള്ള ആരാധന മറ്റൊരു വിധത്തില്‍ പ്രകടിപ്പിക്കുകയാണ് കോഡൂര്‍ പുളിയാട്ടുകുളത്തെ ജര്‍മ്മനി ഫാന്‍സ്.

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും സ്‌പെയിനിന്റെയും ഫ്‌ളക്‌സുകള്‍ നാട്ടില്‍ സ്ഥാനം പിടിച്ചപ്പോള്‍ ഇവിടുത്തെ ജര്‍മ്മനി ഫാന്‍സിനും ഒരാഗ്രഹം നമുക്കും വേണ്ടേ ഒരു ഫ്‌ലെക്‌സ്? അങ്ങനെ ചര്‍ച്ച തുടങ്ങി ചര്‍ച്ചയില്‍ ഇങ്ങനെ ഒരാശയവും മുന്നോട്ടു വെച്ചു.

‘ഫുട്‌ബോള്‍ എന്നാല്‍ ഒരു ആവേശമാണ് അത് പീടിക തിണ്ണയിലല്ല വേണ്ടത് പകരം ഹൃദയത്തിലാണ് അതുകൊണ്ട് ഇത്തവണ നമുക്ക് ഖല്‍ബിലൊരു ഫ്‌ലെക്‌സ് വെക്കാം.അങ്ങനെ ഫ്‌ലെക്‌സിന് വേണ്ടി സ്വരൂപിച്ച പണം അവര്‍ നാട്ടിലെ ചാരിറ്റി സംഘടനയായ പുളിയാട്ടുകുളം കൂട്ടായ്മ ശിഹാബ് തങ്ങള്‍ ചാരിറ്റി സംഘടനക്ക് കൈമാറി.

അങ്ങിനെ പോരിശ ഏറെ പറയാനുള്ള ജര്‍മ്മനിക്ക് വേണ്ടി പുളിയാട്ടുകുളത്തെ ജര്‍മ്മനി ഫാന്‍സും ഒരു ഫ്‌ലെക്‌സ് വെച്ചു. അത് പക്ഷെ പുളിയാട്ടുകുളത്തെ അങ്ങാടിയിലല്ലായിരുന്നു മറിച്ചു പുളിയാട്ടുകുളത്തുകാരുടെ ഖല്‍ബിന്റെ കവലയിലായിരുന്നു.

ഫുട്‌ബോളും ജീവകാരുണ്യവും സമം ചേര്‍ത്ത ഒരു പടുകൂറ്റന്‍ ഫ്‌ലെക്‌സ്.
അതില്‍ അവര്‍ ഇങ്ങനെ എഴുതി; ‘ജര്‍മ്മന്‍ പടയുടെ ബൂട്ടുകളുതിര്‍ക്കുന്ന പന്തുകള്‍ റഷ്യന്‍ മണ്ണില്‍ തീ കാറ്റ് വിതക്കും,ഇവിടെ ഞങ്ങള്‍ ആ പന്തെടുത്ത് ജീവകാരുണ്യത്തിന്റെ ജീവവായു കൊണ്ട് ഊതി വീര്‍പ്പിക്കും’.

ജർമ്മനി ഫാൻസ്‌ അസോസിയേഷൻ പുളിയാട്ടുകുളം തുക ട്രസ്റ്റ്‌ പ്രസിഡന്റ്‌ കരീം വില്ലനു കൈമാറി.അൻസാരി പുവ്വക്കാട്‌,നിയാസ്‌ അഹമദ്‌,അഷ്‌ റഫലി.പി,ശറഫുദ്ധീൻ വില്ലൻ,ഉസ്മാൻ വില്ലൻ,നിയാസുദ്ധീൻ വി.കെ,അൻ വർ വില്ലൻ,അബൂ സ്വാലിഹ്‌,റാഷിദ്‌ വി.കെ,ശിഹാബ്‌ അൽ അമീൻ,അഷ്രഫ്‌ വില്ലൻ,ശമീർ വി.കെ,മഹ്‌മൂദ്‌ വില്ലൻ,സാദിഖലി,അഷ്രഫ്‌ കെ.ടി,സുഹൈർ സംബന്ധിച്ചു.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *