ഇസ്റാഈലുമായുള്ള സൗഹൃദമത്സരം അര്‍ജന്റീന റദ്ദാക്കി
ഇസ്റാഈലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം അര്‍ജന്റീന റദ്ദു ചെയ്തു. ശനിയാഴ്ച ജറുസലേമില്‍ നടക്കാനിരുന്ന മത്സരമാണ് റദ്ദു ചെയ്തത്. കടുത്ത വിമര്‍ശനവും പ്രതിഷേധവും സ്വന്തം രാജ്യത്തും ഉണ്ടായതാണ് മത്സരം ഒഴിവാക്കാന്‍ കാരണം.
1986 മുതല്‍ അര്‍ജന്റീന നാലു തവണ ഇസ്റാഈലുമായി ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.
എന്നാല്‍ ശനിയാഴ്ച നടക്കുന്ന സൗഹൃദ മത്സരത്തിന് വേദിയാകുന്ന ജറുസലേമിലെ ടെഡ്ഡി സ്റ്റേഡിയത്തില്‍ അര്‍ജന്റീന കളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു. 1948ല്‍ ഫലസ്തീനീ ഗ്രാമം തകര്‍ത്തു കൊണ്ടാണ് ഈ സ്റ്റേഡിയം നിര്മ്മിച്ചിരിക്കുന്നതിനെന്നാലാണിത്.
സംഭവം വലിയ നാണക്കേടായതോടെ കളി നടത്താനുള്ള സര്‍വ്വശ്രമങ്ങളും നടത്തുകയാണ് ഇസ്റാഈല്‍. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറിഷ്യോ മാക്രിയുമായി നേരിട്ട് ഫോണില്‍ വിളിക്കുമെന്ന് ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സൗഹൃദ മത്സരത്തിനെതിരെ അര്‍ജന്റീനയിലെ ഫലസ്തീനിയന്‍ അംബാസഡര്‍ ഹുസ്നി അബ്ദുല്‍ വാഹിദും എതിര്‍പ്പ് അറിയിച്ചിരുന്നു. 1948 ല്‍ അധിനിവേശം നടത്തിയതിന്റെ 70-ാം വാര്‍ഷികാഘോഷം കൂടിയായാണ് മത്സരത്തിനെ ഇസ്റാഈല്‍ കാണുന്നതെന്ന് അബ്ദുല്‍ വാഹിദ് പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ക്ക് സ്വന്തം നാടും വീടും വിട്ട് പോവേണ്ടി വന്നതിന്റെ വാര്‍ഷികമാണിത്.
”നിരവധി ഫലസ്തീനികളുടെയും അറബികളുടെയും പിന്തുണയുള്ള ടീം അധിനിവേശ സ്ഥലത്ത് കളിക്കുന്നത് കാണുന്നത് വേദനാജനകമായിരിക്കും. ഇതിലൂടെ അന്താരാഷ്ട്ര നിയമലംഘനങ്ങളെ പിന്തുണയ്ക്കുകയാണ് അര്‍ജന്റീന ചെയ്യുക. ജറുസലേമില്‍ കളിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കാനാവില്ല”- അദ്ദേഹം പറഞ്ഞു.
‘സൈനിക അധിനിവേശക്കാരോട് ഒരു സൗഹൃദവുമില്ല’
അര്‍ജന്റീനയെ മത്സരത്തില്‍ പിന്തിരിപ്പിക്കാന് വലിയ ക്യാംപയിനാണ് നടന്നത്. സൈനിക അധിനിവേശക്കാരോട് ഒരു സൗഹൃദവുമില്ലെന്ന് ക്യാംപയിനു വേണ്ടി രൂപീകരിച്ച ബി.ഡി.എസ് എന്ന സംഘടന പ്രഖ്യാപിച്ചു.
ഫലസ്തീനികളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്നതു വരെ ഇസ്റാഈലുമായി കളിക്കേണ്ട. ഫലസ്തീനിലെ അധിനിവേശം അവസാനിപ്പിച്ച് അഭയാര്‍ഥികള്‍ക്ക് മടങ്ങാനുള്ള അവസരമൊരുക്കണം. ഫലസ്തീനു നേരെയുള്ള ആക്രമണം മറച്ചുവയ്ക്കാന്‍ വേണ്ടി ഇസ്റാഈലിന്റെ തന്ത്രമാണ് അര്‍ജന്റീനയുമായുള്ള മത്സരമെന്നും അവര്‍ പറഞ്ഞു.
ക്യാംപയിന്റെ ഭാഗമായി ഫലസ്തീന്റെ ജനപ്രിയ ഫുട്ബോളര് മുഹമ്മദ് ഖലീലും രംഗത്തെത്തി. ”ഫലസ്തീനൊപ്പം ഐക്യദാര്‍ഢ്യപ്പെടാനും ഞങ്ങളുടെ ഭൂമി കയ്യേറുന്ന ഇസ്റാഈലുമായുള്ള കളി ഒഴിവാക്കാനും അര്‍ജന്റീനയോടും ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയോടും ആവശ്യപ്പെടുന്നു”- ഖലീല്‍ പറഞ്ഞു.
മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗസ്സയില്‍ നടന്ന വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ ഖലീലിന് വെടിയേറ്റിരുന്നു. രണ്ടു കാലുകളിലേക്കും വെടിയേറ്റ ഖലീലിന് ഇനി കളിക്കാനാവില്ല.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]