മുസ്ലിംലീഗ് മലപ്പുറം ജില്ലയില്‍ 6,46,000 തൈകള്‍ നട്ടുപിടിപ്പിക്കും

മുസ്ലിംലീഗ് മലപ്പുറം ജില്ലയില്‍ 6,46,000 തൈകള്‍ നട്ടുപിടിപ്പിക്കും

മലപ്പുറം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി ആഹ്വാനം ചെയ്ത പരിസ്ഥിതി സംരക്ഷണ കാംപെയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ശാഖാതലങ്ങളിലും പരിസ്ഥതിദി സംരക്ഷണ സദസ്സുകള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിംലീഗ് ജില്ലാകമ്മിറ്റി ഭാരവാഹികളുടെയോഗം തീരുമാനിച്ചു. ജൂണ്‍ 5ന് മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് ഫലവൃക്ഷതൈകള്‍ നട്ടുകൊണ്ട് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കും. ജില്ലയിലെ ഓരോ അംഗവും ഒരുതൈവീതം നട്ട് 6,46,000 തൈകള്‍ ജില്ലയില്‍ നട്ടുപിടിപ്പിക്കും. ഓരോപ്രവര്‍ത്തകരും അവരവരുടെ വീടുകളിലാണ് തൈകള്‍ നടുന്നത്. അതിനാവശ്യമായ തൈകള്‍ സ്വന്തംവീടുകളില്‍ തയ്യാറാക്കുന്നതിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

തുടര്‍ന്ന് ശാഖാ – പഞ്ചായത്ത്- മുനിസിപ്പല്‍ തലങ്ങളില്‍ പരിസ്ഥിതി സംരക്ഷണ സദസ്സുകള്‍ കാംപയിന്‍ കാലയളവില്‍ നടക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഇസ്ലാമികമാനത്തെക്കുറിച്ചും സദസ്സുകളില്‍ ചര്‍ച്ചചെയ്യും. അതോടൊപ്പം ആരോഗ്യവകുപ്പുമായി സഹകരിച്ച്‌കൊണ്ട് പകര്‍ച്ചവ്യാധികളെയും മാറാവ്യാധികളെയും സംബന്ധിച്ച് അവബോധം നല്‍കുകയും രോഗപ്രതിരോധപ്രവര്‍ത്തനങ്ങളില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. ജില്ലയിലെ ജനങ്ങളെ ഭയാശങ്കയിലാഴ്ത്തിയ നിപ വൈറസ്, മഴക്കാലത്തോടെ വരാനിരിക്കുന്ന ഡങ്കി തുടങ്ങിയ മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ഓരോ കുടുംബത്തിലും ബോധവല്‍ക്കരണ പരിപാടിക്ക് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും.

കാംപെയിന്‍ കാലയളവില്‍ എം.എസ്.എഫ് സെമിനാര്‍ സംഘടിപ്പിക്കും. വനിതാലീഗിന്റെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്‌രഹിത വീട് എന്ന സന്ദേശത്തിലൂന്നി തുണിസഞ്ചികള്‍ വിതരണം ചെയ്യും. എ.സ്.ടി.യു ബസ്സ്റ്റാന്റ് ശുചീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സര്‍വ്വീസ് സംഘടനകളുടെ നേതൃത്വത്തില്‍ കാമ്പസുകളില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി യു.എ. ലത്തീഫ്, വൈസ് പ്രസിഡന്റുമാരായ അഷ്‌റഫ് കോക്കൂര്‍, എം.കെ. ബാവ, എം. അബ്ദുല്ലക്കുട്ടി, പി.എ. റഷീദ്, സി. മുഹമ്മദലി, സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.പി. സഫറുല്ല, പി.കെ.സി. അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവരും പോഷകസംഘടനാ ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

Sharing is caring!