നിപ ആശങ്ക: ജില്ലയില്‍ ഒരു മാസം ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍

നിപ ആശങ്ക: ജില്ലയില്‍ ഒരു മാസം ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍

മലപ്പുറം: ജില്ലയില്‍ അടുത്ത ഒരു മാസം തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍ നോട്ടത്തില്‍ കര്‍ശനമായ ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍ദേശിച്ചു. നിപ വൈറസ് ഭീഷണിയില്ലെങ്കിലും മേഖലയില്‍ ആശങ്ക തീരുന്നതു വരെ ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണം നടക്കുന്നുണ്ട്. ഇത് തുടരും. പകര്‍ച്ച പനിയും ഡെങ്കിയും ചില ഭാഗങ്ങളില്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും കൂട്ടായ്മയിലൂടെ ശുചിത്വ- ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കണം. ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നില്ലെന്ന് തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ഉറപ്പാക്കണം. ജില്ലയില്‍ നടക്കുന്ന ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ തദ്ദേശ സ്വയം ഭരണ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് പങ്കെടുത്തത്.

ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ. സക്കീന, എന്‍.എച്ച്.എം. മാനേജര്‍ ഡോ.എ. ഷിബുലാല്‍, ഡപ്യൂട്ടി. ഡി.എം.ഒ. മുഹമ്മദ് ഇസ്മായില്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ കെ.മുരളീധരന്‍, പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സത്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെക്രട്ടറിമാര്‍ പ്രധാന സ്ഥലങ്ങള്‍ പരിശോധിക്കണം.

തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ എല്ലാം ദിവസവും രാവിലെ ഏഴുമണിക്ക് ഓഫിസിലെത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ച് പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കണം. വാര്‍ഡ്തല സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദിവസവും വിലയിരുത്തണം. പഞ്ചായത്ത് സെക്രട്ടറിമാരും ഡോക്ടര്‍മാരും തമ്മില്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാത്ത അവസ്ഥ നലവിലുണ്ട്. ഇത് ഉടന്‍ പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആരോഗ്യവകുപ്പ് ജീവനക്കാര്‍ വരുന്ന ഒരുമാസം കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാവണം. ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ആശുപത്രികളില്‍ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി.

മുനിസിപ്പല്‍ സെക്രട്ടറിമാര്‍ മുനിസിപ്പല്‍ പരിധിയില്‍ തന്നെ താമസിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ഇത് പാലിക്കുന്നുവെന്ന് ബന്ധപ്പെട്ട അധ്യക്ഷന്‍മാര്‍ ഉറപ്പ് വരുത്തണം. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ഡ്യൂട്ടി സമയങ്ങളില്‍ അവര്‍ക്ക് അനുവദിച്ച യൂനിഫോം ധരിച്ചിരിക്കണം.

Sharing is caring!