വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പ്രതികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി എസ് ഐ ഒ ഇഫ്താര്‍ മീറ്റ്‌

വാട്‌സ്ആപ്പ് ഹര്‍ത്താല്‍ പ്രതികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി എസ് ഐ ഒ ഇഫ്താര്‍ മീറ്റ്‌

മലപ്പുറം: ഭരണകൂട വേട്ടയുടെ ഇരകൾ ആത്മവിശ്വസത്തിന്റെ കരുത്തുമായി ഒത്തുകൂടിയ ഇഫ്താർ വിരുന്നിൽ ഐക്യത്തിന്റെ പുത്തൻ അലയൊലികൾ തീർത്തു. എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലാണ് വിവിധ ജനകീയ സമരങ്ങളുടെ ഭാഗമായതിന്റെ പേരിൽ ഭരണകൂടം ജയിലിലടച്ചവർ ഒത്തുകൂടി അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത്.

“കേവലമായ ഭരണകൂട ഭീകരതക്കപ്പുറം വംശീയമായ വിരോധവും വിവേചനവുമാണ് സർക്കാർ സമീപനങ്ങളിൽ കാണാൻ കഴിയുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്തു എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. രാജ്യത്ത് സംഘ്പരിവാർ സംഘടനകൾ അരക്ഷിതമാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ജീവിതത്തിന് ഒട്ടും ആശ്വാസം പകരാൻ ഇടത് സർക്കാരിന് സാധിക്കുന്നില്ലെന്നും അരക്ഷിതബോധം വർധിപ്പിക്കുന്ന നിലപാടുകളുമാണ് നിരന്തരമായി സ്വീകരിക്കുന്നതെന്നും വലിയൊരു സമൂഹത്തെ
ഭയപ്പെടുത്തി നിശബ്ദമാക്കാനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കീഴടങ്ങാൻ കൂട്ടാക്കാത്ത ഒരു തലമുറയാണ് കാലഘട്ടത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു”. സോഷ്യൽ മീഡിയ ഹർത്താൽ, ഗെയിൽ സമരം, ദേശീയപാത വികസന വിരുദ്ധ സമരം തുടങ്ങിയ ജനകീയ സമരങ്ങളിൽ അറസ്റ്റ് വരിച്ച ധീര പോരാളികളുടെ ഐക്യസംഗമം കൂടിയായിമാറി ഇഫ്താർ വിരുന്ന്. നാടിന്റെ നന്മക്കായി ഒത്തുകൂടുന്നവരെ നിശബ്ദമാക്കാൻ ശ്രമിക്കുന്നവരെ കരുത്തോടെ അഭിമുഖീകരിക്കാൻ വളർന്നുവരുന്ന ചെറുപ്പത്തിന്റെ ഇഛാശക്തിക്ക് സാധിക്കുമെന്നും ഇത്തരം കൂട്ടായ്മകളിലൂടെ അനീതിക്കെതിരായ പോരാട്ടങ്ങൾ ശക്തിപ്പെടണമെന്നും സംഗമം ആവശ്യപ്പെട്ടു.

സമരനേതാക്കൾക്കു പുറമെ സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥി സംഘടനാ നേതാക്കൾ, കലാ-സാംസ്കാരിക പ്രവർത്തകർ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുത്തു. ശംസീർ ഇബ്രാഹിം, വി.പ്രഭാകരൻ, സകരിയ്യ മുഹമ്മദ്, മുഹ്‌സിൻ പരാരി, ഡോ.വി.ഹിക്മത്തുല്ല, ഡോ.ജമീൽ അഹമ്മദ്, വി.ബഷീർ, കെ.അഷ്റഫ്, വി.നൂറ, സമീർ ബിൻസി, ഇമാം മജ്ബൂർ, ഹാശിർ.കെ.മുഹമ്മദ്, ഉബൈദ് കോഡൂർ, റഈസ് ഹിദായ, നബീൽ സി.കെ.എം, ഹാരിസ് .ടി.പി, റിസ്‌വാൻ, ഇ.സി.കുട്ടി, സി.എച് ബഷീർ, സമീർ കാളികാവ്, സഹ് ല കെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഗമത്തിന് എസ്.ഐ. ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് നഈം സി.കെ.എം. അധ്യക്ഷത വഹിച്ചു .സെക്രട്ടറി അമീൻ മമ്പാട് സ്വാഗതവും ഫഹീം അലി സമാപനവും നിർവഹിച്ചു.

Sharing is caring!