സൗദിയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്ക് പാണക്കാട് വെച്ച് പുതുജീവന്‍ തിരിച്ചുകിട്ടാന്‍ വഴിയൊരുക്കി

സൗദിയില്‍ വധശിക്ഷ  കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ്  സ്വദേശിക്ക് പാണക്കാട് വെച്ച്  പുതുജീവന്‍ തിരിച്ചുകിട്ടാന്‍  വഴിയൊരുക്കി

മലപ്പുറം: സൗദിയില്‍ വധശിക്ഷ കാത്തുകഴിയുന്ന ഉത്തര്‍പ്രദേശ് സ്വദേശിക്ക് പാണക്കാട് വെച്ച് പുതുജീവന്‍ തിരിച്ചുകിട്ടാന്‍ വഴിയൊരുക്കി.
ഒറ്റപ്പാലം സ്വദേശി ഇരുപത്തിനാലു കാരനായ ആസിഫിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ കാത്ത് സൗദി ജയിലില്‍ കഴിയുന്ന പ്രതിയായ മുഹറം അലി ഷഫീഉളയെ (40)യുടെ ജീവന്‍ രക്ഷിക്കാന്‍ കൊല്ലപ്പെട്ട ആസിഫിന്റെ മാതാവ് രേഖമൂലം ഒപ്പിട്ടു നല്‍കി. . മരണപ്പെട്ടവരുടെ ഭാര്യയോ അല്ലെങ്കില്‍ ഉമ്മയോ മാപ്പ് കൊടുത്താല്‍ രക്ഷപ്പെടുമെന്ന സൗദി നിയമത്തിലായിരുന്നു ഇനി കുടുംബത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ ശനിയാഴ്ച്ച രാവിലെയാണ് ഉത്തര്‍പ്രദേശിലെ ഗോണ്ട റെയില്‍വെ സ്റ്റേഷനില്‍ നിന്നും റസിയയും സഹോദരങ്ങളും ട്രെയിന്‍ കയറുന്നത്. മലപ്പുറത്തെ പാണക്കാടായിരുന്നു ലക്ഷ്യം. സൗദി അറേബ്യയില്‍ വധശിക്ഷ കാത്തിരിക്കുന്ന തന്റെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുവേണം.

ചെറിയ ആണ്‍കുട്ടിയും കല്ല്യാണ പ്രായമായ രണ്ടു പെണ്‍മക്കളുടേയും ഉപ്പയെ അവരുടെ മുന്നിലെത്തിക്കണം. കൂകിപ്പായുന്ന തീവണ്ടിക്കുളളിലിരുന്ന് ഉരുകിയ മനസ്സിനെ നിയന്ത്രിക്കാന്‍ അവര്‍ വല്ലാതെ പാട്പെട്ടുകാണും.

ആറുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. സൗദി അറേബ്യയിലെ അല്‍ഹസില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശി മുഹറം അലി ഷഫീഉള്ള. ഇതേ പെട്രോള്‍ പമ്പിലെ സൂപ്പര്‍വൈസറായിരുന്നു ഒറ്റപ്പാലം സ്വദേശി ഇരുപത്തിനാലു കാരനായ ആസിഫ്. ഇരുവരും നല്ല സൗഹൃദത്തിലൊക്കെയായിരുന്നു. എന്നാല്‍ ഒരു ദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ആസിഫിനെ പച്ചക്കറി അരിയുന്ന കത്തികൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു.

പ്രതിയായ മുഹറം അലി ഷഫീഉളയെ (40) അന്നു തന്നെ പൊലീസ് പിടികൂടി. അല്‍ഹസ കെഎംസിസിയുടെ നേതൃത്വത്തില്‍ ആസിഫിന് നീതി ലഭിക്കാനായി നിരന്തരമായ നിയമ പോരാട്ടം നടത്തി. ഇതിനിടയിലാണ് പ്രതിയുടെ മാനസിക നില തെറ്റിതുടങ്ങിയത്. മാനസിക വിഭ്രാന്തി കാണിച്ചതോടെ പ്രതിയെ ജയിലില്‍ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടയിലാണ് കോടതി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്.

2017 നവംബറില്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. മാനസികാരോഗ്യ ചികിത്സയിലായതിനാല്‍ വധശിക്ഷ നടപ്പിലാക്കാനായില്ല. ഇതിനിടയിലാണ് വിഷയം പൊലീസ് കെഎംസിസിയെ അറിയിക്കുന്നത്. കെഎംസിസി അല്‍ഹസ ഭാരവാഹികള്‍ പ്രതിയുടെ വിലാസം കണ്ടെത്തി ഉത്തര്‍പ്രദേശിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ടു. മരണപ്പെട്ടവരുടെ ഭാര്യയോ അല്ലെങ്കില്‍ ഉമ്മയോ മാപ്പ് കൊടുത്താല്‍ രക്ഷപ്പെടുമെന്ന സൗദി നിയമത്തിലായിരുന്നു ഇനി കുടുംബത്തിന്റെ പ്രതീക്ഷ.

ആ പ്രതീക്ഷകളും പേറിയാണ് കിലോമീറ്ററുകള്‍ താണ്ടി പ്രതിയുടെ ഭാര്യയും സഹോദരങ്ങളും മലപ്പുറത്തേക്ക് വരുന്നത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മയും സഹോദരങ്ങളും മലപ്പുറത്തുണ്ടാകും. അവരുടെ കാലില്‍ വീണ് കരയണം. സ്വബോധത്തോടെയല്ല അവര്‍ ആ ക്രൂരകൃത്യം ചെയ്തതെന്ന് പറഞ്ഞ് മാപ്പിരക്കണം. മൂന്ന് കുട്ടികളുടെ വാപ്പയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ്. പൊറുത്ത് തരണം. വധശിക്ഷയില്‍ നിന്ന് രക്ഷിക്കണം.

ഇന്നലെ രാവിലെ പത്തരമണിയോടെയാണ് റസിയയും സഹോദരങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തിയത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി ആസിഫിന്റെ ഉമ്മ ആയിശ ബീവി സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുല്‍ലത്തീഫ്, അമ്മാവന്‍ സൈതലവി, ഷൗക്കത്തലി, മിസ്രിയ എന്നിവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. പിന്നെ അവിടെ കണ്ടത് ഏവരേയും കരളലിയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു.

ആസിഫിന്റെ ഉമ്മയെ കണ്ടതും റസിയ കരഞ്ഞുകാലിലേക്കു വീണു. ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ആയിശ ബീവിയും നിയന്ത്രണം വിട്ടുപൊട്ടി കരിഞ്ഞു. കണ്ടുനിന്നവരുടെയെല്ലാം കണ്ണു നനയിപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. മാപ്പ് തരണം. ഒരു കുടുംബത്തെ രക്ഷിക്കണം. കരഞ്ഞു കലങ്ങിയ കണ്ണുകള്‍ തുടച്ച റസിയ ഇത്രയും പറഞ്ഞൊപ്പിച്ചപ്പോള്‍ ആയിശ ബീവി കയ്യില്‍പിടിച്ചു കുലുക്കി.

”എന്റെ മകനെ അള്ളാഹു നേരത്തെ വിളിച്ചു. മറ്റൊരു ജീവന്‍ അതിന് പകരമാവില്ലല്ലോ. ഈ പുണ്യമാസത്തില്‍ ഞങ്ങള്‍ മാപ്പുതരുന്നു. നിരുപാധികം”. ഇത്രയും തന്നെ പറഞ്ഞുകഴിഞ്ഞപ്പോഴേക്കും വിടരും മുമ്പേ പൊഴിഞ്ഞുപോയ തന്റെ മകനെ ഓര്‍ത്ത് ആ ഉമ്മ വിതുമ്പുന്നുണ്ടായിരുന്നു. ആ മാതൃസ്നേഹം കാണിച്ച വിശാല മനസ്സിന് മുന്നില്‍ എല്ലാവരും കുറച്ചുനേരം മൗനികളായി.

മാപ്പ് എഴുതി നല്‍കിയ പേപ്പറില്‍ ഒപ്പ് വെച്ച് കെഎംസിസി ഭാരവാഹികള്‍ക്ക് നല്‍കി. എല്ലാത്തിനും സാക്ഷിയായി നിന്ന പാണക്കാട് സാദിഖലി തങ്ങളോട് നന്ദിയും പറഞ്ഞ് ഇരു വീട്ടുകാരും ആ മുറ്റത്തുനിന്നും ഇറങ്ങി. റസിയയുടെ കൂടെ ബന്ധുക്കളായ അബ്ദുല്‍ ഹസ്സന്‍, അസ്ഫാഖ് ഷൈഖ്, ആരിഫ്, ഷഹാബുദ്ധീന്‍ എന്നിവരുമുണ്ടായിരുന്നു.

മാപ്പ് നല്‍കിയ പേപ്പര്‍ എത്രയും പെട്ടെന്ന് കോടതിയില്‍ ഹാജരാക്കി മുഹറം അലി ഷഫീഉള്ളയെ മോചിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അല്‍ഹസ കെഎംസിസി ഭാരവാഹികളായ ഇബ്രാഹിം മുഹമ്മദ്, ടികെ കുഞ്ഞാലസ്സന്‍, മജീദ് കൊടശ്ശേരി, സിഎം കുഞ്ഞിപ്പഹാജി, സി.പി ഗഫൂര്‍ അറിയിച്ചു.

Sharing is caring!