താനൂരില്‍ വെള്ളത്തില്‍ മുങ്ങിയ വീടുകള്‍ കാണാന്‍ എം.എല്‍.എ തോണിയിലെത്തി

താനൂരില്‍ വെള്ളത്തില്‍  മുങ്ങിയ വീടുകള്‍ കാണാന്‍ എം.എല്‍.എ തോണിയിലെത്തി

താനൂര്‍: കനത്ത മഴയിലും കാറ്റിലും ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന പത്തോളം വള്ളങ്ങള്‍ തകര്‍ന്നു. തിങ്കളാഴ്ച രാവിലെ അഞ്ചോടെ ശക്തമായ തിരമാലകള്‍ ഉയര്‍ന്നു. ഇതോടെ ഹാര്‍ബറില്‍ നങ്കൂരമിട്ടിരുന്ന വള്ളങ്ങള്‍ തകരുകയായിരുന്നു.
താനൂര്‍ ടൗണ്‍ മത്സ്യത്തൊഴിലാളി ക്ഷേമസഹകരണ സംഘം മുഖാന്തിരം മത്സ്യലേലം നടത്തുന്ന പൗറകത്ത് അബ്ദുറഹിമാന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള കരിയര്‍ വള്ളം, ലാല്‍സലാം, ചെറുപുരക്കല്‍ സൈതലവിയുടെ വള്ളം മൂസാന്റെ പുരക്കല്‍ മുഹമ്മദ്കുട്ടിയുടെ വള്ളം, കണ്ണമരക്കാരന്റെ പുരക്കല്‍ സുബൈറിന്റെ വള്ളം തുടങ്ങിയവയാണ് തകര്‍ന്നടിഞ്ഞത്. തിരമാലയില്‍പ്പെട്ട് വള്ളം തകര്‍ന്ന് കടലില്‍ താഴ്ന്ന നിലയിലായിരുന്നു. ചെറുപുരക്കല്‍ സൈതലവിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ 2 ലക്ഷം രൂപ വിലവരുന്ന എഞ്ചിനുകളും, മത്സ്യബന്ധന വലയും നഷ്ടപ്പെട്ടു. ഏകദേശം ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂസാന്റെ പുരക്കല്‍ മുഹമ്മദ് കുട്ടിയുടെ ഉടമസ്ഥതയിലുള്ള വള്ളത്തിന്റെ എഞ്ചിന്‍ ഭാഗികമായി തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

കടല്‍ ക്ഷോഭം തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വള്ളം തകരുമോ എന്ന ഭീതിയിലാണ് മത്സ്യത്തൊഴിലാളികള്‍. തിരമാലകള്‍ ശക്തമായതിനാല്‍ ഹാര്‍ബറില്‍ നിന്നുമാറി വള്ളങ്ങള്‍ കരയ്ക്കടുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.
കനത്ത മഴയെ തുടര്‍ന്ന് പരിയാപുരം വില്ലേജില്‍ ഉള്‍പ്പെടുന്ന ചിറക്കല്‍ കളരിപ്പടി ഭാഗങ്ങളില്‍ ഇരുപത്തഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലായി. പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന ഒട്ടുംപുറം അഴിമുഖത്ത് ബണ്ട് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കിഴക്കന്‍ മേഖലയില്‍ വെള്ളം കയറിയത്. വെള്ളത്തിനടിയിലായ പ്രദേശത്ത് ആളുകള്‍ക്ക് വീടുമാറി പോകേണ്ട സാഹചര്യം വന്നതിനെ തുടര്‍ന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടു. ജില്ലാ കളക്ടറുമായും ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ട് ബണ്ട് പൊട്ടിക്കാന്‍ തീരുമാനിച്ചു. പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചു.

സര്‍ക്കാരില്‍ അടിയന്തിര ശ്രദ്ധ ചെലുത്തും:
വി.അബ്ദുറഹിമാന്‍ എം.എല്‍.എ

താനൂര്‍: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. താനൂര്‍ ഹാര്‍ബറില്‍ തകര്‍ന്ന വള്ളങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മത്സ്യത്തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു എം.എല്‍.എ.

അടുത്ത കാലവര്‍ഷത്തിന് മുമ്പേ ഹാര്‍ബറിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. തഹസില്‍ദാര്‍, ഫിഷറീസ് ഉദ്യോഗസ്ഥര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, എന്നിവരും സന്ദര്‍ശന വേളയില്‍ എം.എല്‍.എയുടെ കൂടെയുണ്ടായിരുന്നു.

Sharing is caring!