നിപ വൈറസ് ബാധ: മലപ്പുറംജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് വരെ അവധി
മലപ്പുറം: നിപ വൈറസ് ബാധ രണ്ടാം ഘട്ട വ്യാപന സാധ്യത കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ പരിപാടികളും ഇനി ഒരു അറിയിപ്പുണ്ടാവുന്നത് വരെ റദ്ദാക്കാന്‍ ജില്ലാ കളക്റ്റര്‍ അമിത് മീണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂണ്‍ അഞ്ച് വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതും കലക്റ്റര്‍ നിരോധിച്ചു. സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍/സ്വകാര്യ സ്കൂളുകള്‍, കോളേജുകള്‍, എന്‍ട്രന്‍സ്/ പി.എസ്.സി പരിശീലന സ്ഥാപനങ്ങള്‍, മദ്രസകള്‍, ട്യൂഷന് ക്ലാസുകള്‍, അംഗനവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ആദ്യഘട്ടത്തില്‍ പനി ബാധിച്ച് മരണപ്പെട്ടവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെങ്കിലും രോഗം പകരാനുള്ള സാദ്ധ്യത കുറച്ച് ആഴ്ചകള്‍ കൂടി നിലനില്ക്കും. ആദ്യ ഘട്ടത്തില്‍ രോഗബാധിതരായവര്‍ പല ആശുപത്രികളിലും ചികിത്സ നേടുകയും നിരവധി ആളുകളുമായി സമ്പര്‍ക്കത്തിലാവുകയും ചെയ്തിരുന്നു. രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ പരിപൂര്‍ണ്ണ സഹകരണം അനിവാര്യമാണ്. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കണം.
നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നവര്‍ വീടുകളില്‍ കഴിയണം
നിപ വൈറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 42 ദിവസം വീടുകളില്‍ തന്നെ കഴിയണം. പുറത്തിറങ്ങുകയോ മറ്റ് ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുത്. ഇത്തരം ആളുകള്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചു നല്‍കും. പനി ബാധിതരെ സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. നിസ്സാര രോഗങ്ങള്‍ക്ക് ആളുകള്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നത് ഒഴിവാക്കണം.
ജില്ലയില്‍ നാനൂറോളം പേര് നിരീക്ഷണത്തില്‍
ജില്ലയില്‍ നിപ ൈവറസ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ നാനൂറോളം പേര് നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടിയന്തിര ചികിത്സ നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രോഗികളെ മാറ്റുമ്പോള്‍ ഡി.എം.ഒയെ അറിയിക്കണം
നിപ വൈറസ് ബോധ സംശയിക്കുന്ന ആളുകളെ വിദഗ്ധ ചികിത്സക്കായി ജില്ലക്ക് പുറത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിര്‍ബന്ധമായും അിറയിക്കണം. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യവകുപ്പ് പ്രവര്‍ത്തകരുടെ സഹായത്തില്‍ അതീവ സുരക്ഷയോടെ പ്രത്യേകം സജ്ജമാക്കിയ ആംബുലന്‍സില്‍ മാത്രമേ മാറ്റാവൂ. ഇതിനായി അഞ്ച് ആംബുലന്‍സുകള്‍ ജില്ലയില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. ഇതിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ളവരെ സഹായിക്കാനായി പെരിന്തല്‍മണ്ണ, തിരൂര്‍ ആര്.ഡി.ഒമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.
പൊതുപരിപാടികളില്‍ പങ്കെടുക്കരുത്
ജൂണ്‍ പകുതി വരെ രോഗ വ്യാപന സാദ്ധ്യത കൂടുതലുള്ളതിനാല്‍ പൊതുപരിപാടികളില്‍ നിന്ന് ആളുകള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണം. മുന്നിയൂരിലെ കളിയാട്ടം, സമൂഹ നോമ്പുതുറ, മത പ്രഭാഷണം, മതപഠന ക്ലാസുകള്‍ തുടങ്ങിയ പരിപാടികളില്‍ നിന്ന് ആളുകള്‍ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണം.
അടിയന്തിര യോഗം ഇന്ന്
ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും നഗരസഭാ ചെയര്മാന്മാരുടെയും സെക്രട്ടറിമാരുടെയും അടിയന്തിര യോഗം നാളെ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് സമ്മേളന ഹാളില്‍ ചേരും. നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് പ്രാദേശികതലത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനാണ് യോഗം.
എല്ലാ ദിവസവും അവലോകനം
നിപ വൈറസ് വ്യാപനം സംബന്ധിച്ച് അവലോകനം നടത്തുന്നതിന് എല്ലാ ദിവസവും വൈകിട്ട് നാലു മണിക്ക് പ്രത്യേക കര്‍മസേനയുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും പ്രത്യേക യോഗം ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചേരും.
ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്
ടെക്സ്റ്റൈല്‍സുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഷട്ടര്‍ താഴ്ത്തി കച്ചവടം നടത്തരുത്. കൂടുതല്‍ ആളുകള്‍ ഒരുമിച്ചു കൂടുകയും വേണ്ടത്ര വായുസഞ്ചാരം ഇല്ലാതിരിക്കുകയും ചെയ്താല്‍ രോഗം പകരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇത്തരത്തിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് പോകുന്നത് പരമാവധി ഒഴിവാക്കണം.
തുറന്ന സ്ഥലങ്ങളിലെ കച്ചവടത്തിന് നിരോധനം
തട്ടുകടകള്‍, തുറന്ന സ്ഥലങ്ങളില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, അച്ചാര്‍, ഉപ്പിലിട്ടവ തുടങ്ങിയവയുടെ കച്ചവടം നിരോധിച്ചു. നോമ്പ് തുറക്ക് ശേഷം ഇത്തരം കച്ചവടം ജില്ലയില്‍ വ്യാപകമായതിനെ തുടര്‍ന്നാണു നടപടി. ഇത്തരത്തിലുള്ള ൈലസന്‍സില്ലാത്ത എല്ലാ ഭക്ഷ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കും.
5000 രൂപ മുതല്‍ പിഴ
വീടുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പു വരുത്തണം. കൊതുകു നശീകരണം അതത് വീട്ടുകാരും സ്ഥാപന അധികൃതരും ഉറപ്പു വരുത്തണം. വീഴ്ച വരുത്തുന്നവരില്‍ നിന്ന് അയ്യായിരം രൂപ മുതല്‍ പിഴ ഈടാക്കും. ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനായി ഇന്നു മുതല്‍ റവന്യു, പൊലീസ്, ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് പരിശോധന നടത്തും.
കളക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ എം.എല്‍എ മാരായ പി. ഉബൈദുള്ള, വി.അബ്ദുറഹിമാന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി സുധാരകരന്, അസിസ്റ്റന്റ് കളക്ടര്‍ വികല്പ് ഭരദ്വാജ്, പെരിന്തല്‍മണ്ണ ആര്.ഡി.ഒ കെ.അജീഷ്, തിരൂര്‍ ആര്.ഡി.ഒ. ജെ.മോബി, ഡി.എം.ഒ ഡോ. കെ സക്കീന, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജഗോപാല്‍, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. മുഹമ്മദ് ഇസ്മാഈല്‍, ഡോ. അഹമ്മദ് അഫ്സല് കെ.പി, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, കമ്മ്യൂണിറ്റി മെഡിസിന് മേധാവി ഡോ. അസ്മ റഹീം, , താലൂക്ക് ആശുപത്രി, സി.എച്ച്.സി സൂപ്രണ്ടുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]