കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ഇടപെടണം, മുഖ്യമന്ത്രിക്ക് സി.പി.എം നിവേദനം നല്‍കി

കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ്  പുനരാരംഭിക്കാന്‍ഇടപെടണം, മുഖ്യമന്ത്രിക്ക് സി.പി.എം  നിവേദനം നല്‍കി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. 747 ഇനത്തില്‍പെട്ട ജംബോജെറ്റ് വിമാനങ്ങള്‍ ഇറങ്ങാന്‍ കരിപ്പൂരിന്റെ റണ്‍വേ പ്രാപ്തമാണെന്ന് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് നിവേദനം.
വിമാനത്താവളത്തിലെ റണ്‍വേ നവീകരണ പ്രവൃത്തി പൂര്‍ത്തിയായതിനുശേഷം മൂന്നുതവണ ഉദ്യോഗസ്ഥ മേധാവികള്‍ പരിശോധന നടത്തി. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ റണ്‍വേ പ്രാപ്തമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. രണ്ട് വര്‍ഷം മുമ്പ് സര്‍വീസ് നിര്‍ത്തിവച്ച സൗദി എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുവാദം തേടിയെങ്കിലും വ്യോമയാന മന്ത്രാലയം നിഷേധിച്ചു. മെയ് അവസാനത്തോടെ വലിയ എയര്‍ക്രാഫ്റ്റുകള്‍ ഇറങ്ങിത്തുടങ്ങുമെന്ന് അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
കരിപ്പൂരിന് സമാനമായ റണ്‍വേയും സൗകര്യങ്ങളുമുള്ള മറ്റ് വിമാനത്താവളങ്ങളില്‍ വലിയ എയര്‍ക്രാഫ്റ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് വ്യോമയാന മന്ത്രാലയം അനുമതിയും നല്‍കിയിട്ടുണ്ട്. ഈ വിഷയം വ്യോമയാന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തി വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് നിവേദനത്തില്‍ അഭ്യര്‍ഥിച്ചു.

Sharing is caring!