റമദാന്‍ പൊതുമാപ്പ്: സൗദിയില്‍ തടവുകാര്‍ പുറത്തിറങ്ങിത്തുടങ്ങി

റമദാന്‍ പൊതുമാപ്പ്:  സൗദിയില്‍ തടവുകാര്‍  പുറത്തിറങ്ങിത്തുടങ്ങി

റിയാദ്: വിശുദ്ധ റമദാന്‍ പ്രമാണിച്ച് സഊദി ഭരണാധികാരി സല്‍മാന്‍ ഇന്‍ അബ്ദുല്‍ അസീസ് രാജാവ് പ്രഖ്യാപിച്ച പ്രത്യേക പൊതുമാപ്പില്‍ ജയില്‍ തടവുകാര്‍ പുറത്തിറങ്ങിത്തുടങ്ങി. ആഹ്ലാദസൂചകമായി തടവുകാര്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കിയാണ് ജയിലുകളില്‍ നിന്നും പുറത്തേക്ക് വിടുന്നത്. ആദ്യ ദിവസം 1148 തടവുകാരെയാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചത്. ഇവരില്‍ വിദേശികളും ഉണ്ട്.

വിവിധ ആനുകൂല്യങ്ങളോടെയാണ് തടവുകാരെ വിട്ടയക്കുന്നതെന്നും ഭൂരിഭാഗം തടവുകാര്‍ക്കും കൈത്തൊഴില്‍ നല്കിയിട്ടുണ്ടെന്നുമാണ് സഊദി ജയില്‍ വകുപ്പ് വക്താവ് ബ്രിഗ്റേഡിയര്‍ അയൂബ് ബിന്‍ നഹീത്ത് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ റിപ്പയറിങ്, കംപ്യുട്ടര്‍ റിപ്പയറിങ്, ഇലക്ട്രിക്കല്‍ ജോലികള്‍, ഹെവി വാഹന ഡ്രൈവിങ്അടക്കമുള്ള ജോലികളാണ് പരിശീലിപ്പിച്ചിരിക്കുന്നത്. ജയില്‍ മോചിതരാകുന്ന സഊദി തടവുകാരെ ജോലിക്കുവയ്ക്കുന്നതിലൂടെ സഊദി വല്‍ക്കരണ പദ്ധതിയായ നിത്വാഖാത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് പകരമായി രണ്ടാള്‍ക്ക് ജോലി നല്‍കിയതായാണ് സഊദി വല്‍ക്കരണ സംവിധാനമായ നിത്വാഖത്തില്‍ രേഖപെടുത്തുക. സഊദിവല്‍ക്കരണ പദ്ധതി മൂലം ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറക്കാന്‍ ഇത് സഹായകരമാകുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

സഊദി തടവുകാര്‍ക്കൊപ്പം വിദേശ തടവുകാര്‍ക്കും റമദാന്‍ പൊതുമാപ്പില്‍ ഇടം നല്‍കിയിട്ടുണ്ട്. പൊതുമാപ്പിന് അര്ഹരായവരെ കണ്ടെത്തുന്നതിനായി പ്രത്യേക സമിതി വിവിധ ജയിലുകളില്‍ നിന്നും രേഖകള്‍ പരിശോധിച്ച് നടപടികള്‍ കൈകൊണ്ടു വരികയാണ്.
അഞ്ചു ലക്ഷം റിയാല്‍ വരെ പിഴകളുള്ളവര്‍ക്ക് ഇളവ് ചെയ്തു കൊടുത്താണ് തടവുകാരെ വിട്ടയകുന്നത്. . കൂടാതെ ചില കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ കാലാവധിയില്‍ ഇളവ് നല്‍കുകയും ചെയ്യുന്നുണ്ട്. അര്‍ഹരായ വിദേശ തടവുകാരെയും മോചിപ്പിക്കുന്നുണ്ട്. അഞ്ച് ലക്ഷം റിയാലില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യതയുള്ളവരുടെ കേസുകള്‍ കോടതിയും ധനകാര്യ വകുപ്പും പരിശോധിച്ചു തീരുമാനിച്ച് തീരുമാനമെടുക്കും.

Sharing is caring!