മനാഫ് വധക്കേസില്‍ നീതി വേണം; എം.എല്‍.എക്കും ഡി.ജിപിക്കുമെതിരെ മനാഫിന്റെ സഹോദരന് മുഖ്യമന്ത്രിക്കയച്ച കത്ത് വൈറല്‍

മലപ്പുറം: കോളിളക്കം സൃഷ്ടിച്ച മനാഫ് വധക്കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എക്കും ഡി.ജി.പി ശ്രീധരന്നായര്ക്കുമെതിരെ മനാഫിന്റെ സഹോദരന് മുഖ്യമന്ത്രിക്കയച്ച കത്തും ഫേസ്ബുക്ക് പോസ്റ്റും വൈറലാകുന്നു. 23 വര്‍ഷം മുന്‍പ് എടവണ്ണ ഒതായി അങ്ങാടിയില്‍ വെച്ച് കൊലചെയ്യപ്പെട്ട യൂത്ത് ലീഗ് നേതാവ് മനാഫിന്റെ സഹോദരന് അബ്ദുള്‍ റസാക്കാണ് നീതി തേടി മുഖ്യമന്ത്രി പിണറായിയെ സമീപിച്ചിരിക്കുന്നത്.
കണ്മുന്നില് പട്ടാപ്പകല്‍ തന്റെ സഹോദരനെ കൊല്ലിച്ചത് പി.വി അന്‍വര്‍ ആണെന്നും ഇപ്പോള്‍ നിലമ്പൂര്‍ എം.എല്‍.എ ആയ അന്‍വറിനെയും ഒളിവില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രണ്ട് സഹോദരി പുത്രന്മാരെയും രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും റസാക്ക് ആരോപിക്കുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ശ്രീധരന് നായര്‍ ഇടപെടരുതെന്നും. മനാഫ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു അദ്ദേഹമെന്നും റസാക്ക് ചൂണ്ടിക്കാട്ടുന്നു.
ഒന്നാം സാക്ഷി കൂറുമാറിയതും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയുമാണ് അന്ന് അന്‍വര്‍ രക്ഷപ്പെടാന്‍ കാരണമെന്നും എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും അതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തയച്ചതെന്നും അബ്ദുള്‍ റസാക്ക് വ്യക്തമാക്കി.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :
ബഹു.മുഖ്യമന്ത്രി . . ഇനി ഒരു മരണം ഈ എം.എല്‍.എയുടെ പ്രേരണയില്‍ ഉണ്ടാകരുത്. കണ്മുന്നില് കൂടപ്പിറപ്പിനെ കുത്തികൊല്ലുന്നത് കണ്ടു നില്ക്കേണ്ടിവന്ന ഒരു സഹോദരന്റെ കണ്ണീരില്‍ കുതിര്‍ന്ന അപേക്ഷയാണ്.
ഞങ്ങളുടെ കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന എന്റെ സഹോദരന് മനാഫിനെ പട്ടാപ്പകല്‍ കൊലക്കത്തിക്ക് ഇരയാക്കിയിട്ട് 23 വര്‍ഷം പിന്നിട്ടിട്ടും ഞങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. മനസാമാധാനത്തോടെ ഉറങ്ങാന്‍പോലും കഴിയാത്ത 23 വര്‍ഷം.
എല്ലാറ്റിനും നേതൃത്വം നല്കിയ പി.വി അന്‍വര്‍ ഇപ്പോള്‍ എം.എല്‍.എ ആയിട്ടും ക്രിമിനല്‍ പ്രവര്‍ത്തി തുടരുന്നതിലാണ് ഈ ഫെയ്സ് ബുക്ക് പോസ്റ്റ് മുഖ്യമന്ത്രിക്കും പൊതു സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കുന്നത്.
ഇനി ഒരു മാനാഫുമാരും ഇയാളുടെ രോഷത്തിന് ഇരയാകരുത്. അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെവിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലിനെ പ്രതീക്ഷയോടെയാണ് ഞങ്ങളെ കുടുംബം നോക്കി കാണുന്നത്.
ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി ഒതായി അങ്ങാടിയില്‍ ഓട്ടോ ഓടിച്ചാണ് എന്റെ ഇക്കാക്ക ഞങ്ങളെ കുടുംബം പോറ്റിയത്. ബാപ്പയുടെ സഹോദരീ ഭര്‍ത്താവായിരുന്ന സി.പി.എമ്മിന്റെ എടവണ്ണ ലോക്കല്‍ സെക്രട്ടറിയായിരുന്ന ഉണ്ണി മുഹമ്മദിന്റെ സഹോദരന് കുട്ട്യാലിയുടെ 10 ഏക്കര്‍ ഭൂമി അന്‍വര്‍ ഗുണ്ടാസംഘത്തെ ഇപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഇതിനെ ചെറുത്ത ഉണ്ണി മുഹമ്മദിനെ ഓട്ടോ തടഞ്ഞ് വെച്ച് മര്‍ദ്ദിക്കുന്നത് തടഞ്ഞതിലെ പകതീര്‍ക്കാനാണ് 1995 ഏപ്രില്‍ 13ന് മനാഫിനെ നടുറോഡിലിട്ട് കുത്തികൊന്നത്. വീട്ടിലെത്തി എന്റെ ഉമ്മയെയും സഹോദരനെയും സഹോദരിമാരെയും അന്‍വറും സംഘവും മര്‍ദ്ദിച്ച ശേഷം കൊലവിളി നടത്തി മനാഫിനെ തേടി പോവുകയായിരുന്നു.
വീട്ടില്‍ക്കയറി അക്രമം നടത്തിയതറിഞ്ഞ് ഓട്ടോയുമായി അങ്ങാടിയിലേക്കു വരുന്നതിനിടെയാണ് ഓട്ടോ തടഞ്ഞ് മനാഫിനെ ഉപ്പയുടെയും എന്റെയും കണ്മുന്നിലിട്ട് കുത്തിയും മര്‍ദ്ദിച്ചും കൊന്നത്. ജീപ്പ് ഡ്രൈവറായിരുന്ന ഞാന്‍ ജീപ്പ് നിര്‍ത്തി ഓടി വരുന്നതിനിടെയാണ് ഈ ക്രൂരത കണ്ടത്.
പട്ടാപ്പകല്‍ രാവിലെ 11 മണിക്ക് ഒതായി അങ്ങാടിയില്‍ നടന്ന കൊലപാതകത്തില്‍ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് അന്‍വര്‍ അടക്കമുള്ള പ്രതികളെ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് സി.ശ്രീധരന് നായരായിരുന്നു അന്ന് മനാഫ് കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
കൂറുമാറിയ സാക്ഷിക്കെതിരെ കേസെടുപ്പിക്കാനോ മറ്റു സാക്ഷികളെ ശരിക്കും വിസ്തരിച്ച് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇദ്ദേഹം ഇപ്പോള്‍ ഹൈക്കോടതിയില്‍ ഇരിക്കുന്ന പദവി ദുരുപയോഗം ചെയ്ത് വീണ്ടും അന്‍വറിനെ സഹായിക്കും എന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.
മാത്രമല്ല കേസില്‍ ഇപ്പോഴും പ്രതികളായി വിദേശത്ത് ഒളിവില്‍ കഴിയുന്ന നിലമ്പൂര്‍ എം.എല്‍.എ അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്മാരെ പിടികൂടുന്നതിനായി അടിയന്തര നടപടികളും സ്വീകരിക്കണം.
അല്ലെങ്കില്‍ വീണ്ടും അന്‍വറും സംഘവും ക്രൂരത ആവര്‍ത്തിക്കും. അതിന് സര്‍ക്കാര്‍ ദയവ് ചെയ്ത് കൂട്ടുനില്‍ക്കരുത്. കൂടപ്പിറപ്പ് നഷ്ടപ്പെട്ട സഹോദരന്റെ അപേക്ഷയാണ്.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]