പറവണ്ണയില്‍ ഇന്നലെ രാത്രി 2സിപിഎംപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; പ്രതികളെ തേടി പോലീസ്

പറവണ്ണയില്‍ ഇന്നലെ രാത്രി 2സിപിഎംപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം;  പ്രതികളെ തേടി പോലീസ്

തിരൂര്‍: പറവണ്ണയില്‍ ഇന്നലെ രാത്രി 2സിപിഎംപ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ തേടി പോലീസ്.
രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂരിനടുത്ത വെട്ടം പറവണ്ണയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഒന്പതരയോടെയാണ് സംഭവം. കൂട്ടായി തേവര്‍ കടപ്പുറം സ്വദേശികളായ ഉണ്ണിയാപ്പന്റെ പുരക്കല്‍ ലത്തീഫിന്റെ മകന്‍ സൗഫീര്‍ (25), പുളിങ്ങോട് ഹനീഫയുടെ മകന്‍ അഫ്‌സാര്‍ (22) എന്നിവര്‍ക്കാണു വെട്ടേറ്റത്. പറവണ്ണ റഹ്മത്ത് നഗര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കിടക്കുകയായിരുന്ന ഇരുവരെയും ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഘം വരുന്നതു കണ്ടതോടെ പരിഭ്രാന്തരായ സിപിഎം പ്രവര്‍ത്തകര്‍ ചിതറിയോടിയെങ്കിലും അഫ്‌സാറും സൗഫീറും ബീച്ചിലെ മണല്‍ പരപ്പില്‍ വീഴുകയായിരുന്നു. വീണ ഇരുവരെയും അക്രമികള്‍ വെട്ടുകയായിരുന്നു. രണ്ടു പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സൗഫീറിനു തലയുടെ പിറകിലും അഫ്‌സാറിനു കൈകാലുകള്‍ക്കുമാണ് വെട്ടേറ്റതെന്നു പോലീസ് പറഞ്ഞു. അഫ്‌സാറിന്റെ കൈവിരലുകള്‍ അറ്റുതൂങ്ങിയ നിലയിലാണ്. പരിക്കു ഗുരുതരമായതിനാല്‍ ഇരുവരുടെയും മൊഴി രേഖപ്പെടുത്താനായിട്ടില്ല. സംഭവത്തെക്കുറിച്ചു വിവരങ്ങള്‍ ലഭ്യമായാലേ പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിക്കൂ. പറവണ്ണയിലും പരിസരത്തും കനത്ത പോലീസ് കാവലുണ്ട്. പട്രോളിംഗും ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ മുസ്്‌ലിംലീഗാണെന്ന് സിപിഎം ആരോപിച്ചു. നേരത്തെ ആക്രമക്കേസുകളില്‍ ഉള്‍പ്പെട്ടവരാണ് സംഭവത്തിനു പിന്നിലെന്നു പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

Sharing is caring!