മന്ത്രി ജലീല്‍ തുറന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തച്ചങ്കരി അടച്ചു പൂട്ടിച്ചു

മന്ത്രി ജലീല്‍ തുറന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് തച്ചങ്കരി അടച്ചു പൂട്ടിച്ചു

എ ടപ്പാള്‍ :സമയ ക്രമീകരണ ഉത്തരവിന് പിന്നാലെ എടപ്പാള്‍ കണ്ടനകത്തെ കെ.എസ്.ആര്‍.ടി.സി സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചു പൂട്ടി.
സ്‌റ്റേഷന്‍ മാസ്റ്ററുടെ ഒഴിവിലേക്ക് നിയമനം നടത്താന്‍ ആളില്ലെന്ന കാരണത്താല്‍ റിസര്‍വേഷന്‍ കഴിഞ്ഞ ആഴ്ച നിര്‍ത്തലാക്കിയതായിരുന്നു. തൊട്ടുപിറകെ ഓഫീസിന്റെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ വൈകന്നേരം അഞ്ചുവരെയാക്കി ക്രമീകരിച്ചതായി ചൊവ്വാഴ്ച പുതിയൊരു ഉത്തരവും വരികയുണ്ടായി.എന്നാല്‍ ഇന്നലെ സേ്റ്റഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചു പൂട്ടിയ നിലയിലായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ പൊന്നാനി ഡിപ്പോയിലേക്ക് നിയമിക്കുകയും ചെയ്തു. ഓഫീസ് അടച്ചു പൂട്ടിയ വിവരമറിയാത്ത ദീര്‍ഘദൂര ബസ്സുകള്‍ ഓഫീസിനു മുന്നില്‍ പതിവു പോലെ കയറി. യാത്രക്കാരാകട്ടെ ഇവിടെ നിന്ന് കയറാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കെ.ടി.ജലീല്‍ എം.എല്‍.എയായിരുന്ന ഘട്ടത്തിലാണ് എടപ്പാളില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ആരംഭിച്ചത്. വളാഞ്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഓഫീസ് യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് എടപ്പാള്‍ റീജനല്‍ വര്‍ക് ഷോപ്പിനു മുന്നില്‍ പ്രവര്‍ത്തിച്ചു വന്നത്. എം.എല്‍ എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ മുടക്കി ഓഫീസ് കെട്ടിടവും വിശ്രമകേന്ദ്രവും നിര്‍മ്മിച്ചത് ഇപ്പോള്‍ നോക്കുകുത്തിയായി മാറി. തൃശൂര്‍ -കോഴിക്കോട് ദീര്‍ഘദൂര പാതയിലെ ഏക സേ്റ്റഷന്‍ മാസ്റ്റര്‍ ഓഫീസാണ് അടച്ചു പൂട്ടിയിരിക്കുന്നത്.
യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍മഹിക്കാനുള്ള സൗകര്യവും ഓഫീസിനോട് ചേര്‍ന്നുണ്ട്.കെ.എസ്.ആര്‍.ടി.സിയുടെ പുതിയ എം.ഡിയായി ടോമിന്‍ തച്ചങ്കരി ചുമതലയേറ്റതോടെ ചെലവുചുരുക്കല്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതാണ് എടപ്പാളിലെ സേ്റ്റഷന്‍ മാസ്റ്റര്‍ ഓഫീസ് അടച്ചുപൂട്ടാന്‍ കാരണമെന്ന് വിശദീകരണമുണ്ട്.

Sharing is caring!