തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്

തിരൂരങ്ങാടി പോലീസ്  സ്റ്റേഷനില്‍ മാധ്യമ  പ്രവര്‍ത്തകര്‍ക്ക്  വിലക്ക്

തിരൂരങ്ങാടി: മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ്
സ്റ്റേഷനില്‍ വിലക്കേര്‍പ്പെടുത്തി പോലീസിന്റെ നോട്ടീസ്. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലീസ് പുറത്ത് ഇരിപ്പിടമൊരുക്കിയത്. കഴിഞ്ഞ ദിവസം വെന്നിയൂരില്‍ പോലീസുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് പിടികൂടിയ പ്രതികളെ ക്രൂരമായി സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പ്രതികാരമായാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തില്‍ മഫ്ടിയിലെത്തി ദൃശ്യം പകര്‍ത്തിയ പോലീസുകാരന് വെന്നിയൂരില്‍ വെച്ച് മര്‍ദ്ദനമേറ്റിരുന്നു. ഈ സംഭവത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പേരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ പരാതിപ്പെട്ടത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് പോലീസിനെ ചൊടിപ്പിച്ചത്. ഇന്നലെ രാവിലെ മുതലാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷന് മുന്നിലുള്ള പുരുഷന്മാരുടെ വിശ്രമ മുറിക്ക് പുറത്ത് ‘പ്രസ് ആന്‍ഡ് മീഡിയ’ എന്ന നോട്ടീസ് ശ്രദ്ധയില്‍പ്പെട്ടത്. ഈ നോട്ടീസിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ പരാതിക്കല്ലാതെ ഒരു കാര്യത്തിനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഷനിലേക്ക് പ്രവേശനമില്ലെന്നാണ് പോലീസുകാര്‍ അറിയിച്ചത്. അതേ സമയം തിരൂരങ്ങാടിയില്‍ ഒരുക്കിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിശ്രമമുറിയാണെന്നാണ് മലപ്പുറം ഡി.വൈ.എസ്.പി നല്‍കിയ വിശദീകരണം.

തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു.

തിരൂരങ്ങാടി: പോലീസ് സ്റ്റേഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രതിഷേധിച്ചു. പൊതുജന സേവനത്തിനായി പ്രവര്‍ത്തിക്കുന്ന പോലീസ് സ്റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നത് അപരാദമല്ല. പോലീസിനെതിരെ വാര്‍ത്ത വരുന്ന സമയങ്ങളിലെല്ലാം തിരൂരങ്ങാടി സ്റ്റേഷനില്‍ ഇത്തരം സംഭവങ്ങളും ഭീഷണിയും പതിവായിട്ടുണ്ട്. ഇതു നീതീകരിക്കാനാവില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് (ബുധന്‍) കാലത്ത് 10.30 ന് തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ബഹുജന പ്രതിഷേധ സംഗമം നടത്തുന്നതിനും യോഗം തീരുമാനിച്ചു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇഖ്ബാല്‍ പാലത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി യു.എ. റസാഖ്, രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, മുസ്തഫ ചെറുമുക്ക്, ഹമീദ് സിറാജ് എന്നിവര്‍ സംസാരിച്ചു.

Sharing is caring!