മമ്പുറം തങ്ങളുടെ വീട് കെട്ടി മേഞ്ഞു

മമ്പുറം : മമ്പുറം തങ്ങളുടെ വീട് കെട്ടി മേഞ്ഞു, മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഓര്‍മ്മകള്‍ പേറുന്ന വീടിന് മങ്ങലേല്‍ക്കാത്ത തിളക്കം. കടലുണ്ടി പുഴയോരത്ത് മമ്പുറം മഖാമിന് അല്പം കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വീട് 1820ല്‍ നിര്‍മിച്ചതെന്നാണ് കരുതുന്നത്. രണ്ടു മുറികളുള്ള പ്രധാന വീടിന് മൂന്നു ഭാഗത്തുമായി വരാന്തകളോടുകൂടിയ വീടിന് തകര്‍ച്ചയെ അതിജീവിക്കാനുള്ള മിനുക്ക് പണികളല്ലാതെ മറ്റു മാറ്റങ്ങളൊന്നും നടത്തിയിട്ടില്ല. എല്ലാ പഴമകളും ഇന്നും കാത്തു പോരുന്നു. പഴമകള്‍ നിലനിര്‍ത്തണമെന്ന തങ്ങളുടെ ആഹ്വാനമായിരുന്നുവെന്നാണ് തലമുറകള്‍ കൈമാറി വന്ന വിശ്വാസം. വേങ്ങര ചേറൂരിലെ ചാക്കീരി കുടുംബമാണ് ഒരവകാശമോ അംഗീകാരമോ എന്ന നിലയില്‍ വര്‍ഷം തോറും ഇത് ഓല മേഞ്ഞു സംരക്ഷിച്ചു പോരുന്നത്. ഒന്നര നൂറ്റാണ്ടിനു മുമ്പ് ചാക്കിരി കുടുംബത്തലവനായിരുന്ന ചാക്കിരി അവറാന് തങ്ങളുടെ നിര്‍ദ്ദേശം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് ഇന്നും പതിവു തെറ്റിക്കാതെ ഇത് നടന്നു വരുന്നത്. മേടമാസമായാല്‍ മഴക്കു മുമ്പെ പുരമേയാനുള്ള ഒരുക്കം തുടങ്ങുകയായി. പുര മേയുന്നതിനുള്ള പുല്ലു ശേഖരിക്കുന്നത് ചേറൂരില്‍ നിന്നാണ്. മഖാം പരിസരത്തു നിന്ന് ഓലയും രാവിലെ ഏഴിന് തുടങ്ങി ഉച്ചയാകുമ്പോഴേക്ക് കെട്ടി മേയല്‍ പൂര്‍ത്തീകരിച്ച് പരിസരം വൃത്തിയാക്കി പുഴയിലിറങ്ങി കുളിച്ച്, ഭക്ഷണവും കഴിച്ചാണ് സംഘം മടങ്ങുക. ഇപ്പോള്‍ ചാക്കിരി കുടുംബാംഗമായി ചാക്കീരി ബാപ്പുവിന്റെ നേതൃത്വത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത്. ഇത്തവണത്തെ കെട്ടിമേയല്‍ അരക്കിങ്ങല്‍ കുട്ടന്റെ നേതൃത്വത്തിലാണ് നടന്നത്. ചെമ്പയില്‍ ബാലന്, പറവെട്ടി വാസു, അരക്കിങ്ങല്‍ കൊറ്റിക്കുട്ടി, ആക്കപ്പറമ്പന്‍ കുഞ്ഞിമുഹമ്മദ്, കരനാടി, ചെറു കോട്ടയില്‍ മുഹമ്മദ്, അരക്കിങ്ങല്‍ ലക്ഷ്മണന്, ടി.പി.വാസു, ബി.ബി.ശങ്കര്‍, മിനി അരക്കിങ്ങല്‍, മാണി കാര, ആക്കപ്പറമ്പന്‍ കദീജ സഹായികളായി. യമനിലെ ഹളറ മൗത്തില്‍ നിന്നുള്ള ബാ അലവി വംശത്തിലെ തങ്ങളുടെ കണ്‍വെട്ടം കാരുണ്യക്കടലായപ്പോള് ദു:ഖിതരുടേയും ദുരിതം പേറുന്നവന്റേയും ശാന്തിതീരമായി മാറുകയായിരുന്നു മമ്പുറം. ഇന്ന് ഭൗതിക ശേഷിപ്പുകള്‍ കാര്യമായി ഒന്നുമില്ലെങ്കിലും ഭക്തിയുടെ വഴിയില്‍ അനേകം സ്മരണകളുയര്‍ത്തുന്ന തങ്ങളുടെ വാസ ഭൂമി സന്ദര്‍ശിക്കാന്‍ നിരവധി പേരാണെത്തുന്നത്. വ്യാഴാഴ്ചകളില്‍ പ്രത്യേക പ്രാര്‍ഥനയുണ്ട്. തിരുരങ്ങാടിക്കും ചെമ്മാടിനുമിടയില് ചരിത്രത്താളുകളില്‍ നിറഞ്ഞു നില്ക്കുന്ന മമ്പുറം മഖാമും സയ്യിദ് അലവി തങ്ങളുടെ ഭവനവും സ്ഥിതി ചെയ്യുന്നത് എ.ആര്.നഗര്‍ പഞ്ചായത്തിലാണ്.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]