പൂക്കോട്ടൂര്‍ ഹജ് ക്യാമ്പ് നാളെ തുടങ്ങും

പൂക്കോട്ടൂര്‍ ഹജ് ക്യാമ്പ് നാളെ തുടങ്ങും

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ് ക്യാമ്പായി അറിയപ്പെടുന്ന പതിനെട്ടാമത് പൂക്കോട്ടൂര്‍ ഹജ് ക്യാമ്പ് നാളെയും മറ്റന്നാളുമായി പൂക്കോട്ടൂര്‍ ഖിലാഫത്ത് ക്യാമ്പസില്‍ നടക്കുമെന്നു ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ ഒമ്പതിനു എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പഠന ക്ലാസിന് നേതൃത്വം നല്‍കും. നാളെ രാവിലെ 9.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും.
പി.കെ കുഞ്ഞാലികുട്ടി എം.പി ഹജ് ഗൈഡ് പ്രകാശനവും സംസ്ഥാന ഹജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി ഹജ് സി.ഡി പ്രകാശനവും നിര്‍വഹിക്കും. സമാപന ദിന പരിപാടി ആറിന് രാവിലെ ഒമ്പതിനു സമസ്തപ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലികുട്ടി മുസ്ല്യാര്‍ അധ്യക്ഷത വഹിക്കും.
വൈകിട്ട് അഞ്ച് മണിക്ക് പ്രാര്‍ത്ഥനാ സമ്മേളനത്തിനു കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി,മത പണ്ഡിതന്‍മാര്‍, എം.എല്‍.എമാര്‍,നേതാക്കള്‍ സംബന്ധിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി സര്‍ക്കാര്‍,സ്വകാര്യ മേഖലയില്‍ ഹജ്ജിനു അപേക്ഷിച്ച ഒമ്പതിനായിരത്തോളം പേരാണ് ദ്വിദിന പഠന ക്യാമ്പിനു രജിസ്റ്റര്‍ ചെയ്തത്. ഹജ് അനുഷ്ഠാനങ്ങളുടെ കര്‍മ്മശാസ്ത്രപഠനവും പുണ്യസ്ഥലങ്ങളുടെ സവിശേഷതകളും അന്താരാഷ്ട്ര യാത്രാനിയമങ്ങളും ക്ലാസില്‍ പ്രതിപാദിക്കും. പ്രധാന അനുഷ്ഠാനങ്ങളുടെ പ്രായോഗിക പരിജ്ഞാനവും നല്‍കും. കഅ്ബയുടെ മാതൃകയും ഇതിനായി ഒരുക്കി. ക്യാംപ് അംഗങ്ങള്‍ക്ക് ഭക്ഷണവും താമസ സൗകര്യവും സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട്. ദേശീയ പാതയില്‍ പൂക്കോട്ടൂര്‍,അറവങ്കര സ്‌റ്റോപുകളില്‍ നിന്നായി 21 സ്‌പെഷ്യല്‍ ബസുകളും ക്യാംപ് നഗരിയിലേക്ക് രാവിലേയും വൈകീട്ടും സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട്. പതിനായിരം പേര്‍ക്ക് സൗകര്യപ്രദമായി ക്ലാസ്സ് ശ്രവിക്കാവുന്ന വിധത്തിലുള്ള 45000 സ്‌ക്വയര്‍ ഫീറ്റ് വാട്ടര്‍ പ്രൂഫ് പന്തല്‍, വിശാലമായ മസ്ജിദ്, ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടിവി എന്നിവക്ക് പുറമെ ഹാജിമാരുടെ സൗകര്യാര്‍ത്ഥം താല്‍കാലിക ടോയ്‌ലെറ്റുകള്‍, ഹൗളുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്, ക്ലോക്ക് റൂം,ഡോക്ടര്‍മാരുടെ സേവനം എന്നിവ പി കെ എം ഐ സി കാമ്പസില്‍ സജീകരിച്ചിട്ടുണ്ട്. ക്ലാസിനെത്തുന്ന സ്ത്രീകള്‍ നിസ്‌കാര കുപ്പായം കരുതണം.വിശദ വിവരങ്ങള്‍ക്ക് 0483 2771819, 9895848826 നമ്പറില്‍ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മുഹമ്മദുണ്ണി ഹാജി,എ എം കുഞ്ഞാന്‍ ഹാജി,കെ എം അക്ബര്‍,കെ പി ഉണ്ണീതു ഹാജി,അഡ്വ: അബ്ദുറഹ്മാന്‍ കാരാട്ട്,എം ഹുസൈന്‍ ,കെ മമ്മദ് ഹാജി,കെ മായീന്‍,എം യൂനുസ് ഫൈസ്,കെ ഉസ്മാന്‍, വി യൂസുഫ് ഹാജി എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!