കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുത വധു മരിച്ചു

കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുത വധു മരിച്ചു

തേഞ്ഞിപ്പലം: കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് പ്രതിശ്രുത വധു മരിച്ചു. എ.ആര്‍.നഗര്‍ മമ്പുറം വി.കെ പടി പല്ലാട്ട് ശശിധരന്റെ മകള്‍ ഭാഗ്യ (21) ആണ് മരിച്ചത്. പ്രതിശ്രുത വരന്‍ കൊണ്ടോട്ടി കീഴിശ്ശേരി കുന്നംപള്ളി സുകുവിന്റെ മകന്‍ ഷൈജു (27) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ആഴ്ച്ച വിവാഹിതരാവാനുള്ള യുവാവുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ചേളാരി ക്കും പാണാമ്പ്രക്കും ഇടയിലുള്ള ഇറക്കത്തില്‍ ആണ് അപകടം. ചേളാരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി ആള്‍ട്ടോ കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ പരമാവധി വാഹനം ഇടത്തു വശത്തേക്ക് ഒതുക്കിയെങ്കിലും കാറുമായി കൂടിയിടിയിക്കുകയായിരുന്നു. മുന്‍ഭാഗം നിശേഷം തകര്‍ന്ന കാറിനുള്ളില്‍ നിന്ന് മറ്റു വാഹനങ്ങളിലെ യാത്രക്കാരും പ്രദേശ വാസികളും ഏറെ പണിപ്പെട്ടാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന യുവാവിനെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും കൊണ്ടു പോയെങ്കിലും യുവതി വഴിമധ്യേ മരിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപെട്ടു.

Sharing is caring!