ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ച സംഭവം; ഭാര്യ അറസ്റ്റില്‍

മലപ്പുറം: ആസിഡ് ആക്രമണത്തിനിരയായി ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശിയും കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമയുമായ ബഷീര്‍ (48) മരിച്ച സംഭവത്തിലാണ് ഭാര്യ സുബൈദയെ പോലീസ് അറസ്റ്റ് ചെയ്തത്. മുണ്ടുപറമ്പിലെ വാടക വീട്ടില്‍ വച്ച് 20നാണ് സംഭവം. മുഖത്തും ദേഹത്തും ആസിഡ് ആക്രമണത്തിലൂടെ പൊള്ളലേറ്റ നിലയില്‍ രാത്രി ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. ഭര്‍ത്താവിന്റെ വഴി വിട്ട ബന്ധമാണ് കൃത്യം ചെയ്യാന്‍ കാരണമെന്ന് ഭാര്യ മൊഴി നല്‍കിയിട്ടുണ്ട്.

അജ്ഞാതരാണ് അക്രമത്തിന് പിന്നിലെന്ന് ബഷീര്‍ മരണ മൊഴി നല്‍കിയിരുന്നു. കിടക്കുകയായിരുന്നതിനാല്‍ ആളെ കണ്ടില്ലെന്ന് സുബൈദ പോലീസിനോട് പറഞ്ഞിരുന്നു. ബംഗളൂരുവിലുള്ള മകന്‍ വരുമെന്നതിനാല്‍ വീടിന്റെ വാതില്‍ അടച്ചിരുന്നില്ലെന്നും സുബൈദ പോലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇരുവരുടെയും ഫോണ്‍ രേഖകള്‍ അന്വേഷിച്ചതിന് ശേഷം പോലീസ് സുബൈദയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സുബൈദയുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ആസിഡ് ഉണ്ടായിരുന്ന കാനും സൂക്ഷിച്ച കവറും വാറങ്കോട് തോട്ടിലേക്ക് വലിച്ചെറിഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബഷീറിനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് തോട്ടില്‍ ഉപേക്ഷിച്ചതായിരുന്നു. സുബൈദയുടെ പുരുഷ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Sharing is caring!