സര്‍ക്കാരിനും മന്ത്രി ജലീലിനുമെതിരെ രംഗത്തുവന്നിരിക്കുന്നത് ഹര്‍ത്താലിലൂടെ സംസ്ഥാനത്തെ കലാപ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ടവര്‍ സി.പി. എം ജില്ലാ സെക്രട്ടറിയറ്റ്

സര്‍ക്കാരിനും മന്ത്രി ജലീലിനുമെതിരെ  രംഗത്തുവന്നിരിക്കുന്നത് ഹര്‍ത്താലിലൂടെ  സംസ്ഥാനത്തെ കലാപ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ടവര്‍ സി.പി. എം ജില്ലാ സെക്രട്ടറിയറ്റ്

മലപ്പുറം: സാമുദായിക വിഭജനമുണ്ടാക്കിയ ആക്രമണ ഹര്‍ത്താലിലൂടെ സംസ്ഥാനത്തെ കലാപ ഭൂമിയാക്കാന്‍ ലക്ഷ്യമിട്ട ഗൂഢപദ്ധതി പൊലീസ് പൊളിച്ചതിലുള്ള ജാള്യം മറയ്ക്കാനാണ് വര്‍ഗീയശക്തികള്‍ സര്‍ക്കാരിനും മന്ത്രി കെ ടി ജലീലിനുമെതിരെ രംഗത്തുവന്നിരിക്കുന്നതെന്ന് സി.പി. എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. താനൂരില്‍ ഹര്‍ത്താലില്‍ തകര്‍ത്ത കടകള്‍ പുനഃസ്ഥാപിക്കാനും അക്രമങ്ങളിലെ മുറിവുണക്കാനും ഇടപെട്ട മന്ത്രി ജലീലിനെ കടന്നാക്രമിക്കുന്ന ബിജെപിക്കും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്രസ്വഭാവമുള്ള മുസ്ലിം സംഘടനകള്‍ക്കും മുസ്ലിംലീഗിനും ഒരേ സ്വരമാണ്. നാടിനെ മതവൈരത്തിന്റെയും വിദ്വേഷത്തിന്റെയും നെരിപ്പോടിലേക്ക് തള്ളിയിടുന്ന തീവ്ര ഹിന്ദുത്വ, മുസ്ലിം സംഘടനകളുടെയും അവര്‍ക്ക് കുടപിടിക്കുന്ന മുസ്ലിംലീഗിന്റെയും കുതന്ത്രങ്ങള്‍ മതനിരപേക്ഷതയിലും ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നവര്‍ തിരിച്ചറിയണം. മതനിരപേക്ഷതക്ക് കാവലാളാകണം.

മലപ്പുറത്തിന്റെ മതനിരപേക്ഷ മനസ്സിന് താങ്ങാനാവാത്ത കാര്യങ്ങളാണ് ഏപ്രില്‍ 16-ന്റെ ഹര്‍ത്താല്‍ ദിനത്തില്‍ താനൂരിലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലുമുണ്ടായത്. സാമുദായിക ചേരിതിരിവ് ലക്ഷ്യമിട്ട് ആക്രമണമുണ്ടായി. പൊലീസിന് നേരയുണ്ടായ കല്ലേറില്‍ ചില കടകള്‍ക്ക് കേടുപാടുണ്ടായി. എന്നാല്‍ കെ ആര്‍ ബേക്കറിയും പടക്കക്കടയും മറ്റൊരു കടയും അതിക്രമിച്ച് കയറി തല്ലിത്തകര്‍ത്തു. ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് കോപ്പുകൂട്ടാനും മലപ്പുറത്തിന്റെ മതേതര മുഖത്ത് കരിവാരിത്തേക്കാനും ബിജെപി ശ്രമമാരംഭിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നേരിട്ടെത്തി കലാപനീക്കത്തിന് ആക്കംകൂട്ടി. ഈ അപകടം തിരിച്ചറിഞ്ഞാണ് മന്ത്രി ജലീലും വി അബ്ദുറഹ്മാന്‍ എംഎല്‍എയും സ്ഥലം സന്ദര്‍ശിച്ചത്. കലക്ടറും ജില്ലാ പൊലീസ് മേധാവിയും എല്‍ഡിഎഫ് നേതാക്കളും നാടിന്റെ നൊമ്പരമകറ്റാനുള്ള നീക്കത്തില്‍ അവര്‍ക്കൊപ്പമുണ്ടായി. തകര്‍ക്കപ്പെട്ട കടകളുടെ ഉടമകള്‍ സ്ഥാപനങ്ങള്‍ അവിടെ പുനരാരംഭിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചപ്പോഴാണ് മന്ത്രിയും എംഎല്‍എയും മുന്നിട്ടിറങ്ങി പൊതുസഹായനിധി സ്വരൂപിച്ചതും കടകള്‍ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും. കേരളത്തിലെ മതനിരപേക്ഷ സമൂഹം സര്‍വാത്മനാ സ്വാഗതംചെയ്ത ഈ നടപടിയാണ് ദുഷ്പ്രചാരണം നടത്തി മോശമാക്കാന്‍ ഇരു വര്‍ഗീയ ശക്തികളും ഐക്യത്തോടെ ശ്രമിക്കുന്നതെന്ന് ജനം തിരിച്ചറിയുന്നുണ്ട്.

കശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്നതിനെതിരെ പ്രതിഷേധിക്കാനെന്ന വ്യാജേന അക്രമ ഹര്‍ത്താല്‍ ആസൂത്രണം ചെയ്തതിന് പിടിയിലായത് സംഘപരിവാറുകാരാണ്. ഹര്‍ത്താലിന്റെ മറവില്‍ മലപ്പുറത്തും സംസ്ഥാനമൊട്ടാകെയും ആക്രമണം നടത്തിയതിന് പിടിയിലായവരില്‍ അധികവും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ടി, മുസ്ലിംലീഗ് പ്രവര്‍ത്തകരും. വര്‍ഗീയ കലാപം ലക്ഷ്യമിട്ട സംഘപരിവാര്‍ കര്‍സേവക്ക് തീവ്ര സ്വഭാവമുള്ള മുസ്ലിം സംഘടനകള്‍ കുടപിടിച്ചതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. മുസ്ലിംലീഗിന്റെ പേരിലുള്ള വാട്സാപ് ഗ്രൂപ്പുകളും ഈ കലാപാഹ്വാനം പ്രചരിപ്പിച്ച് അക്രമത്തിന് ആളെക്കൂട്ടിയത് തെളിയിക്കുന്ന വാര്‍ത്തകളും വന്നു. മഞ്ചേരിയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും നീക്കമുണ്ടായി. ഹര്‍ത്താലിന്റെ തൊട്ടടുത്ത ദിവസം ജില്ലയിലെത്തിയ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് മലപ്പുറത്ത് പട്ടാള ക്യാമ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടതും മറക്കരുത്. ഈ അവിശുദ്ധ കൂട്ടുകെട്ട് ലക്ഷ്യം കണ്ടിരുന്നുവെങ്കില്‍ ജില്ല ഇന്ന് കലാപഭൂമിയാകുമായിരുന്നു.

സംഘപരിവാറിനെ വെള്ളപൂശുകയും മുസ്ലിം തീവ്രവാദ ശക്തികള്‍ക്ക് ഊര്‍ജ സ്രോതസ്സാകുകയും ചെയ്യുന്ന മുസ്ലിംലീഗിന്റെ അപചയമാണ് നാള്‍ക്കുനാള്‍ തെളിയുന്നത്. ഹര്‍ത്താലിനില്ലെന്നാണ് ലീഗ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ലീഗ് അണികള്‍ അപകടകരമായ എസ്ഡിപിഐ മുദ്രവാക്യങ്ങളും ആശയങ്ങളും പങ്കിട്ട് അക്രമങ്ങള്‍ക്കടക്കം നേതൃത്വം നല്‍കി. നേതൃത്വത്തിലെ പലരുടെയും ആശീര്‍വാദത്തോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. കേസില്‍ അറസ്റ്റിലായ ഇവരെ രക്ഷിക്കാന്‍ ലീഗ് നേതാക്കളും എംഎല്‍എമാരും ശ്രമിച്ചു. നിയമ സമാധാന സംരക്ഷണത്തിന് ശ്രമിക്കുന്ന പൊലീസിനെ നിര്‍വീര്യമാക്കാനും തീവ്രവര്‍ഗീയശക്തികള്‍ക്കൊപ്പം ലീഗ് നേതാക്കള്‍ രംഗത്തുണ്ട്. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളും അടിസ്ഥാനമാക്കി ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എന്നിട്ടും അക്രമികളെ വെള്ളപൂശാനും പൊലീസ് നടപടിയെ എതിര്‍ക്കാനുമാണ് ലീഗ് നീക്കം.

ഇതേ ലക്ഷ്യത്തോടെയാണ് വെല്‍ഫെയര്‍ പാര്‍ടി എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മഞ്ചേരിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയതിന് പിടിയിലായവരെ പുറത്തിറക്കാന്‍ ലീഗ് എംഎല്‍എ നേരിട്ട് സ്റ്റേഷനിലെത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. മലപ്പുറത്തിന്റെ വികസനത്തിന് അടിത്തറയാകുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍, ദേശീയപാത വികസനം തുടങ്ങിയ പദ്ധതിക്കെതിരെ മതവികാരം ഇളക്കിവിട്ട് കലാപത്തിനിറങ്ങിയ തീവ്ര നിലപാടുകാര്‍ക്ക് ഒത്താശ ചെയ്തതും ലീഗാണ്. ലീഗിന്റെ ഈ തീക്കളികളെല്ലാം ജില്ലയുടെ മതേതര അടിത്തറതന്നെ തകര്‍ക്കാന്‍ ഉതകുന്നതായിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടികളില്‍നിന്ന് കരകയറാന്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളോട് കൂട്ടുകൂടിയ ലീഗ് ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങളാണ് മലപ്പുറത്ത് ആവര്‍ത്തിക്കുന്ന അനിഷ്ട സംഭവങ്ങള്‍.

അന്ധമായ സിപിഐ എം വിരുദ്ധതയില്‍ വാര്‍ത്തെടുത്ത നുണകളും കള്ളപ്രചാരണവുംവഴി തീവ്ര വര്‍ഗീയ ശക്തികളെ ഏകോപിപ്പിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ലീഗുമെല്ലാം. മതനിരപേക്ഷത തകര്‍ക്കാന്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്ത കലാപഹര്‍ത്താല്‍ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് മുഖപ്രസംഗമെഴുതാനും ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിന് മടിയുണ്ടായില്ല. സംഘപരിവാറിനെ സഹായിക്കുന്ന ഇവരുടെ ദുഷ്ടലാക്ക് മതനിരപേക്ഷശക്തികള്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും. അതിനാല്‍ നാടിന്റെ മതനിരപേക്ഷതയും സൗഹാര്‍ദവും സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Sharing is caring!