ഹര്‍ത്താലിന് വിത്തുപാകിയത് ആര്‍.എസ്.എസ് 3മാസം മുമ്പ് പുറത്താക്കിയ അമര്‍നാഥെന്ന് പോലീസ്

ഹര്‍ത്താലിന് വിത്തുപാകിയത്  ആര്‍.എസ്.എസ് 3മാസം മുമ്പ് പുറത്താക്കിയ അമര്‍നാഥെന്ന്  പോലീസ്

മലപ്പുറം: ജമ്മു കാശ്മീരില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് നടന്ന ഹര്‍ത്താലിന് വിത്തുപാകിയത് മൂന്നു മാസം മുമ്പ് ആര്‍.എസ്.എസില്‍നിന്നും പുറത്താക്കിയ പ്രവര്‍ത്തകന്‍ അമര്‍നാഥെന്ന് പോലീസ്. 19വയസ്സുകാരനായ അമര്‍നാഥ് കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകനാണ്.

അമര്‍നാഥിന് പുറമെ തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്പ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20), നെയ്യാറ്റിന്‍കര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍(21) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വെള്ളിയാഴ്ച രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വെച്ച് അറസ്റ്റ് ചെയ്തത്.

കൊല്ലം സ്വദേശിയാണ് ബോധപൂര്‍വമുള്ള അക്രമ സംഭവങ്ങള്‍ ലക്ഷ്യമിട്ട് ഹര്‍ത്താലിന് കളമൊരുക്കിയതില്‍ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളാണ് നടന്നിരുന്നത്. ബോധ പൂര്‍വമായുള്ള ആസൂത്രണത്തിന്റെ മറവിലായിരുന്നു ഇതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവത്തിന്റെ ഉറവിടം കണ്ടെത്താനായത്.

ആര്‍.എസ്.എസ് സജീവ പ്രവര്‍ത്തകനായിരുന്ന അമര്‍നാഥാണ് ജനകീയ ഹര്‍ത്താലെന്ന ആശയത്തിനു വിത്തു പാകിയതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ പിതാവ് ബൈജുവും ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഇരുവരേയും പ്രദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍.എസ്.എസില്‍ നിന്നും മൂന്നു മാസം മുമ്പ് പുറത്താക്കിയതിനാല്‍ ശിവസേനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അമര്‍നാഥ് വാട്‌സാപ്പ് അടക്കമുള്ള ഇലക്ട്രോണിക്ക് മാധ്യമങ്ങളില്‍ ആര്‍.എസ്.എസിനെതിരെ ശക്തമായ പ്രചരണങ്ങള്‍ നടത്തുന്നത് പതിവായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ ബാലികയുടെ ക്രൂരമായ കൊലപാതകം ഇത്തരത്തില്‍ പ്രചരിപ്പിച്ചത് അമര്‍നാഥായിരുന്നു. ഇതിന് വലിയ സ്വീകാര്യത ലഭിച്ചതോടെ വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകള്‍കൂടി അമര്‍നാഥ് നിര്‍മിച്ചു. പതിനൊന്ന് പേരെ ഇതിന്റെ അഡ്മിന്‍മാരാക്കി. ഇവയിലൂടെയായിരുന്നു ചര്‍ച്ചകള്‍. സോഷ്യല്‍ മീഡിയയില്‍ മാത്രം പോര, ബാലികയ്ക്കു നീതി ഉറപ്പാക്കാന്‍ തെരുവിലിറങ്ങണം എന്ന വിധത്തിലുള്ള ചര്‍ച്ചക്കു ശേഷമാണ് ഹര്‍ത്താലിന് തീരുമാനമായത്. ഇക്കഴിഞ്ഞ 14നാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

പിന്നീട് 14 ജില്ലകളിലും സമാനരീതിയില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. അക്രമ വഴിയില്‍ ഹര്‍ത്താല്‍ നടത്താനും ഈ ഗ്രൂപ്പുകളില്‍ ആഹ്വാനമുണ്ടായിരുന്നു. വോയ്‌സ് ഓഫ് യൂത്ത്, ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ് എന്നീ ഗ്രൂപ്പുകളുടെ അഡ്മിന്‍മാരാണ് അറസ്റ്റിലായ മറ്റു നാലു പേരും. അഡ്മിന്‍ പാനലിലുള്ള മറ്റുള്ളവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിവിധ ജില്ലകളില്‍ സമാനരീതിയില്‍ പ്രവര്‍ത്തിച്ച വാട്‌സാപ്പ് ഗ്രൂപ്പുകളിലുള്ളവര്‍ക്കെതിരേയും നടപടി തുടരുമെന്ന് ഡി.വൈ.എസ്.പിമാരായ മോഹനചന്ദ്രന്‍, ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി.ഷൈജു, എസ്.ഐ കറുത്തേടത്ത് അബ്ദുല്‍ ജലീല്‍ എന്നിവര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ രണ്ടു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ പരിശോധനക്ക് വിധേയമാക്കി. ഇതിനായി 20 പോലീസുകാരടങ്ങിയ സംഘത്തെയാണ് നിയോഗിച്ചത്. സംഘം നടത്തിയ പരിശോധനയിലാണ് വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായത്. സന്ദേശം പ്രചരിച്ചതോടെ യുവാക്കള്‍ നിരത്തിലിറങ്ങുകയും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയും ചെയ്തു.

തടയാനെത്തിയ മുപ്പതോളം പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പല സ്ഥാപനങ്ങളും അടിച്ച് തകര്‍ക്കപ്പെട്ടു. കെ.എസ്.ആര്‍.ടി.സി അടക്കം നിരവധി വാഹനങ്ങള്‍ക്ക് നാശ നഷ്ടങ്ങള്‍ സംഭവിച്ചു. ജില്ലാ ജഡ്ജിയും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധി പേര്‍ വഴിയില്‍ തടയപ്പെട്ടു. അറസ്റ്റിലായ പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 283, 353, 149, 220, 120 ബി, 228 എ, 170, 23 പോക്സോ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം ബോധപൂര്‍വ്വമുള്ള കലാപ ശ്രമം, പോക്‌സോ, പോലീസിന്റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ എന്നിവക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികളുടെ അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം പെരിന്തല്‍ണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജ്സ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Sharing is caring!