കപ്പല്‍ വഴി ഹജ്ജ് യാത്ര നടത്തിയവര്‍ മലപ്പുറത്ത് സംഗമിച്ചു

മലപ്പുറം: കടലാഴങ്ങളിലേക്ക് കെട്ടിയിറക്കുന്ന മയ്യിത്തുകള്‍, ബോംബെ മുസാഫര്‍ ഖാനയിലെ അനന്തമായ കാത്തിരിപ്പ്, കടല്‍ചൊരുക്കും കഷ്ടപ്പാടുകളും തുഴഞ്ഞ് ജിദ്ദ തുറമുഖം കാണുമ്പോഴുള്ള ആഹ്ലാദം, ഒട്ടിയ വയറുമായി മിനയിലും അറഫയിലുമെല്ലാം പ്രാര്‍ത്ഥനാ നിരതമായ പകലിരവുകള്‍, സ്വന്തം കൈകൊണ്ട് സംസം കോരിക്കുടിച്ച് അപൂര്‍വ്വ സൗഭാഗ്യം.. വിശുദ്ധ ഹജ്ജ് യാത്രയുടെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുമായി അവര്‍ മഅ്ദിന്‍ കാമ്പസസല്‍ ഒത്തുകൂടി. ബുധനാഴ്ച സ്വലാത്ത് നഗറില്‍ നടക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ച കപ്പല്‍ വഴി ഹജ്ജ്യാത്ര നടത്തിയവരുടെ സംഗമമായിരുന്നു വേദി.

ഇന്ന് ആധുനിക സൗകര്യങ്ങളുടെ പിന്തുണയോടെ പ്രയാസ രഹിതമായി ഹജ്ജ് കഴിഞ്ഞ് വരുന്നവര്‍ക്ക് അത്ഭുതമായിരുന്നു സംഗമത്തിലെ യാത്രാ വിവരണങ്ങള്‍. ഇനിയൊരു തിരിച്ചു വരവ് അസാധ്യമാണെന്നു ഉറപ്പിച്ചാണ് അന്നത്തെ ഹജ്ജ് യാത്ര. ഹജ്ജിനു പോകും മുമ്പുള്ള യാത്രപറച്ചിലും പൊരുത്തപ്പെടീക്കലുമൊക്കെ കണ്ണീരോടെയായിരുന്നു – അവര്‍ ഓര്‍മകള്‍ അയവിറക്കി. മഅ്ദിന്‍ ചെയ്ര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
വിവിധ വര്‍ഷങ്ങളില്‍ ഹജ്ജിന് പോയവരുടെ ആദ്യഘട്ട സംഗമമാണ് ഞായറാഴ്ച നടന്നത്. ഈ വര്‍ഷത്തെ ഹജ്ജിനോടനുബന്ധിച്ച് വിപുലമായ സംഗമമൊരുക്കുന്നുണ്ട്. ഹജ്ജുമായി ബന്ധപ്പെട്ട അപൂര്‍വ്വ ഫോട്ടോകളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.

ബുധനാഴ്ച നടക്കുന്ന സംസ്ഥാന തല ഹജ്ജ് ക്യാമ്പില്‍ ഇതുവരെ പതിനായിരത്തില്‍പരം ഹാജിമാര്‍ രജിസ്റ്റര്‍ ചെയ്തു. രാവിലെ 8 ന് ആരംഭിക്കുന്ന ക്യാമ്പില്‍ ലഗേജ്, കുത്തിവെയ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം, സി.ഡി എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കും. വൈകുന്നേരം 5 ന്് സമാപിക്കും.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രൈനര്‍ പി.പി മുജീബ് റഹ്്മാന്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി പി.ഇബ്റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി,ദുല്‍ഫുഖാറലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!