ദേശീയപാത വികസന ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി

ദേശീയപാത വികസന ആശങ്കകള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി ഇന്നലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനാണ് ജനങ്ങളുടെ ആശങ്കയയില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉചിതമായ നടപടിയുണ്ടാകുമെന്നും, ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചത്.

മലപ്പുറം ജില്ലയിലെ ദേശീയപാത സര്‍വേയുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍, മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് വി കെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ദേശീയപാതയ്ക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ ഭൂമിയും, വീടും, നെല്‍പാടങ്ങളും നഷ്ടപ്പെടുന്നവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിക്കണമെന്നായിരുന്നു മുസ്ലിം ലീഗ് സംഘത്തിന്റെ പ്രധാന ആവശ്യം.

നിരവധി പേര്‍ക്ക് വീടും, സാധാരണക്കാരുടെ ഭൂമിയും, നെല്‍പാടങ്ങളും നഷ്ടമാകുന്ന സാഹചര്യം കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. സാധാരണക്കാര്‍ക്കാണ് ഭൂമി ഏറ്റെടുക്കുന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാകുന്നത്. അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ഇതിനായി മുഖ്യമന്ത്രി ബന്ധപ്പെട്ട ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കണം. ഭൂമി ഏറ്റെടുക്കല്‍ ആക്റ്റ് പ്രകാരം ജനങ്ങള്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കണം എന്നീ ആവശ്യങ്ങളാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ചതെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ദേശീയപാത വികസനത്തിനായി ജില്ലയില്‍ സര്‍വേ ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ നാട്ടുകാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായിട്ടില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് മുഖ്യമന്ത്രിയെ സമീപിച്ചത്.

Sharing is caring!