ദേശീയപാത സ്ഥലമെടുപ്പ്: നഗരസഭക്കെതിരായ ആരോപണം ജനശ്രദ്ധ തിരിക്കാനെന്ന് മുസ്ലിംലീഗ്
വളാഞ്ചേരി:ദേശീയപാതാ സ്ഥലമെടുപ്പ് സംബന്ധിച്ച് നേരത്തെ പറഞ്ഞിരുന്ന അലൈന്മെന്റ് മാറ്റുന്ന വിവരം നഗരസഭാ ഭരണാധികാരികള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പേ അറിവ് ലഭിച്ചിരുന്നു എന്ന സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ആക്ഷേപം ശുദ്ധ അസംബന്ധമാണെന്ന് മുസ്ലിംലീഗ് മുന്‍സിപ്പല്‍ യോഗം ആരോപിച്ചു.
സകല മര്യാദകളും ലംഘിച്ച്, ജനങ്ങളെ മുഴുവന്‍ തോക്കിന്മുനയിലെന്ന പോലെ ഭയപ്പെടുത്തി നിര്‍ത്തി, ജനങ്ങളുടെ ഭൂമിയും പുരയിടങ്ങളും കയ്യേറി, പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളുമൊക്കെ തൂര്‍ത്തും നികത്തിയും മുന്നോട്ടു പോകുന്ന സ്ഥലമെടുപ്പ് തെമ്മാടിത്തരം മാത്രമല്ല, തോന്ന്യാസം കൂടിയാണ്. ഇത് തിരിച്ചറിഞ്ഞ പൊതുസമൂഹം പിണറായി സര്‍ക്കാറിനെതിരെ കടുത്ത പ്രതിഷേധത്തിലുമാണ്. ഈ പ്രതിഷേധം മറികടക്കാനുള്ള വൈക്കോല്‍ത്തുരുമ്പ് പ്രതിരോധമാണ് ഇപ്പോള്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വെപ്രാളപ്പെടല്‍. നഗരസഭയെ അറിയിക്കാതെയാണ് പഴയ അലൈന്മെന്റില് മാറ്റം വരുത്തിയത്.
പുതിയ അലൈന്മെന്റിന്റെ വിശദാംശങ്ങള്‍ പലവട്ടം ആവശ്യപ്പെട്ടിട്ടാണ് മുനിസിപ്പാലിറ്റിക്ക് ലഭ്യമായത് എന്നത് നഗരസഭയിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സി. അബ്ദുന്നാസര്‍ നിരന്തരമായി ആവശ്യപ്പെട്ടതിനൊടുവിലാണ് ഇത് സാധ്യമായത്. വസ്തുത ഇതായിരിക്കെ, വിഷയത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിച്ച സിപിഎം പാര്‍ട്ടിക്കെതിരെ, പാര്‍ട്ടി നയിക്കുന്ന ഗവണ്മെന്റിനെതിരെ ശക്തമായ പൊതുവികാരം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ അതില്‍ നിന്നും രക്ഷപ്പെടാനുള്ള പോംവഴിയായാണ് നഗരസഭക്കെതിരായ ഈ ആരോപണം. വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്നതിന് പകരം, ദുരിതബാധിതരായ ജനങ്ങളുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുകയായിരുന്നു സിപിഎം ലോക്കല്‍ സെക്രട്ടറി ചെയ്യേണ്ടിയിരുന്നത്.
പണ്ട് കാലങ്ങളില്‍ കാണിച്ചിരുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും രോഷം നാട്ടുകാര്‍ക്ക് വേണ്ടി സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവണമെന്നും മുനിസിപ്പല്‍ മുസ്ലിം ലീഗ് യോഗം ആവശ്യപ്പെട്ടു.അഷ്റഫ് അമ്പലത്തിങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.സലാം വളാഞ്ചേരി, ടി.കെ.ആബിദലി, സി.അബ്ദുല്‍ നാസര്‍,കെ.മുസ്തഫ മാസ്റ്റര്‍, നീറ്റുകാട്ടില്‍ മുഹമ്മദലി, യു.യൂസുഫ്, ടി.കെ.സലിം, മൂര്‍ക്കത്ത് മുസ്തഫ, പി.പി.ഷാഫി, സി.ദാവൂദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വണ്ടൂരിലെ വിദ്യാർഥി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥി മരിച്ചു. നടുവത്ത് ചെമ്മരം ശാന്തിഗ്രാമം പുതിയത്ത് മുസ്തഫയുടെ മകൻ നിയാസ് (23) ആണ് മരിച്ചത്. ബംഗളൂരുവിൽ വിദ്യാർഥിയായ നിയാസ് പനിയും മഞ്ഞപ്പിത്തവും ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം കൂടിയതിനെ തുടർന്ന് രണ്ട് [...]