താനൂര്‍ ഒഴൂര്‍ അയ്യായയിലെ ഡി.വൈ.എഫ്.ഐ ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി

താനൂര്‍ ഒഴൂര്‍ അയ്യായയിലെ   ഡി.വൈ.എഫ്.ഐ ഓഫീസ്   ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി

താനൂര്‍: ഒഴൂര്‍ അയ്യായയിലെ ഡി.വൈ.എഫ്.ഐ ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. സി.പി.എം സമ്മേളന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയ്യായ സി.പി നഗറില്‍ നിര്‍മിച്ച ഓഫീസാണ് വെള്ളിയാഴ്ച രാത്രി തീവെച്ച് നശിപ്പിച്ചത്. രാത്രി 12 നു ശേഷമാണ് സംഭവം. ഓഫീസ് കത്തുന്നത് കണ്ട അയല്‍വാസി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും മേല്‍ക്കൂരയും മുന്‍ഭാഗവും കത്തിനശിച്ചിരുന്നു. സമീപത്തെ വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീ പൂര്‍ണമായും അണച്ചത്. ഓഫീസിലുണ്ടായിരുന്ന നേതാക്കളുടെ ഫോട്ടോ, പുസ്തകങ്ങള്‍, മാസികകള്‍, ക്യാരം ബോര്‍ഡ് എന്നിവ കത്തിനശിച്ചു. മൂന്നുമാസം മുമ്പാണ് ഓഫീസ് ഉദ്ഘാടനം കഴിഞ്ഞത്. ഒഴൂരില്‍ നിന്നുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളച്ചാലിലും കുംഭാരന്‍ കോളനി സമീപത്തും സംശയാസ്പദമായി രണ്ട് ബൈക്ക് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മാത്രമല്ല ഓഫീസ് കത്തിക്കുമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. താനൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Sharing is caring!