പാണക്കാട് തങ്ങളെ അപമാനിക്കാന്‍ ശ്രമം; മുസ്ലിം ലീഗ് പരാതി നല്‍കി

പാണക്കാട് തങ്ങളെ അപമാനിക്കാന്‍ ശ്രമം; മുസ്ലിം ലീഗ് പരാതി നല്‍കി

മലപ്പുറം: മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റുമായ പി.എ ജബ്ബാര്‍ ഹാജി ഡി.ജി.പിക്ക് പരാതി നല്‍കി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന കെട്ടിച്ചമച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതിനും സമൂഹ മാധ്യമങ്ങളില്‍ ശ്രമം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ടെലിഫോണില്‍ സംസാരിക്കുകയും കുറ്റക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളിലെ പ്രഭാത ഗീതത്തിനെതിരെ സയ്യിദ് ഹൈദരലി തങ്ങളുടെ ചിത്രമുള്‍പ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വ്യാപകമായത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ഉദ്ദേശ്യം വെച്ചുള്ള പ്രചാരണം തടയണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് ജില്ലാ പൊലീസ് മേധാവിക്കും മലപ്പുറം ഡി.വൈ.എസ്.പിക്കും കൈമാറുകയും ചെയ്തിട്ടുണ്ട്.

Sharing is caring!