നാടിന് അഭിമാനമായി മൈത്രയിലെ യുവഡോക്ടര്‍മാര്‍

അരീക്കോട് : രണ്ട് കിലോമീറ്ററിനുള്ളില്‍ അഞ്ച് ഡോക്ടര്‍മാര്‍, അഞ്ച് പേരും പഠിച്ചത് മലയാളം മീഡിയത്തില്‍ ഒരുമിച്ച് പഠിച്ചവര്‍. മലപ്പുറത്തിന്റെ പുതുതലമുറയുടെ നേര്‍ചിത്രമാവുകയാണ് ഊര്‍ങ്ങാട്ടിരി മൈത്രയിലെ ഈ കുട്ടി ഡോക്ടര്‍മാര്‍. മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 2010 ബാച്ചിലെ കൂട്ടുകാരാണ് ഒരുമിച്ച് ഡോക്ടര്‍മാരായി വന്നിരിക്കുന്നത്.

ഉണ്ണിമുറ സ്വദേശികളായ പി മുഹമ്മദ് ഫായിസ്, എസ് സുബിന്‍, പി ആര്യ, ആലിന്‍ചുവട് സ്വദേശി ഇപി ആസിഫ്, കുത്തുപറമ്പിലെ യു സഫ്‌വാന്‍ എന്നിവരാണ് ഡോക്ടര്‍മാരായി തീര്‍ന്നത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യസര്‍വകലാശായുടെ ഫൈനല്‍ എംബിബിഎസ് ഫലം വന്നത്.

സംസ്ഥാന എന്‍ട്രന്‍സില്‍ 42-ാം റാങ്കോടെ വിജയിച്ച ഫായിസ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണു പഠിച്ചത്. പരിയാരം മെഡിക്കല്‍ കോളജിലാണു സുബിന്റെ പഠനം. ഷിമോഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ആര്യയുടെ വൈദ്യപഠനം. തിരുവനന്തപുരം വെഞ്ഞാറമൂട് ശ്രീഗോകുലം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയാണ് ആസിഫ്. തിരുവനന്തപുരം ഉത്രാടം തിരുനാള്‍ മെഡിക്കല്‍ കോളജിലാണു സഫ്‌വാന്‍ പഠനം പൂര്‍ത്തിയാക്കിയത്.

നാടിന്റെ ഡോക്ടര്‍മാര്‍ക്ക് നാട്ടുകാരും കുടുംബവും എന്നും പിന്തുണ നല്‍കാറുണ്ട്. പാറക്കല്‍ മുഹമ്മദ്കുട്ടിയുടെയും സല്‍മയുടെയും മകനാണു ഫായിസ്.മൂര്‍ക്കനാട് എസ്എസ് എച്ച്എസ്എസ് മുന്‍ അധ്യാപകന്‍ പി.പി.സുകുമാരന്റെയും ഉഗ്രപുരം എസ്എന്‍എം എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപിക സത്യഭാമയുടെയും മകനാണു സുബിന്‍. പി.സോമസുന്ദരത്തിന്റെയും ഗീതയുടെയും മകളാണ് ആര്യ. ഏലിയാപറമ്പന്‍ അബ്ദുല്ലയുടെയും ആമിനയുടെയും മകനാണ് ആസിഫ്. ഉണ്ണിമുഹമ്മദും ആമിനയുമാണു സഫ്വാന്റെ പിന്തുണ.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *