നിയമസഭയോ അതോ ചന്തയോ; സഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി പി കെ ബഷീര്‍

നിയമസഭയോ അതോ ചന്തയോ; സഭാ സമ്മേളനത്തിനിടെ ക്ഷുഭിതനായി പി കെ ബഷീര്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിനിടെ സംസാരിച്ചവര്‍ക്കെതിരെ ക്ഷുഭിതനായി ഏറനാട് എം എല്‍ എ പി കെ ബഷീര്‍. എം എല്‍ എയുടെ പ്രസംഗത്തിനിടെ മന്ത്രിമാരടക്കം സംസാരിച്ചതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. ഇത് നിയമസഭയാണോ അതോ ചന്തയാണോയെന്നാണ് സഭയ്ക്കുള്ളില്‍ ബഹളം കണ്ട് അദ്ദേഹം ചോദിച്ചത്.

പി കെ ബഷീര്‍ ക്ഷുഭിതനായത് കണ്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഇടപെട്ടു. സഭയ്ക്കുള്ളില്‍ നിശബ്ദരായിരിക്കാനും, സംസാരിക്കാനുള്ളവര്‍ പുറത്തേക്ക് ഇറങ്ങാനുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ധനകാര്യ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

പി കെ ബഷീര്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ ധനമന്ത്രി അടക്കം പലരും സീറ്റില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം ധനമന്ത്രി ഇല്ലാതെ എങ്ങനെ പ്രസംഗിക്കുമെന്ന് ചോദിക്കുകയും ചെയ്തു. തുടര്‍ന്ന് ധനമന്ത്രി സീറ്റിലെത്തിയ ശേഷമാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്.

ഇതിനിടെയാണ് പലരും പ്രാസംഗികനെ ശ്രദ്ധിക്കാതെ സീറ്റില്‍ നിന്ന് എഴുന്നേറ്റ് മാറി പലയിടത്തായി സംസാരിക്കുന്നത് എം എല്‍ എയുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് അദ്ദേഹത്തെ ക്ഷുഭിതനാക്കുകയായിരുന്നു.

Sharing is caring!