എല്ലാവര്‍ക്കും വീടും കുടിവെള്ളവും നല്‍കാന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭ

എല്ലാവര്‍ക്കും വീടും കുടിവെള്ളവും നല്‍കാന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭ

മലപ്പുറം: എല്ലാവര്‍ക്കും വീടും കുടിവെള്ളവും നല്‍കാന്‍ പദ്ധതിയുമായി മലപ്പുറം നഗരസഭയുടെ ബജറ്റ്. നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട ബജറ്റാണ് വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത് അവതരിപ്പിച്ചത്. ഭവന പദ്ധതിക്കായി 1.61 കോടി രൂപയാണ് ഇത്തവണ ബജറ്റില്‍ വകയിരുത്തിയത്. പി.എം.എ.വൈയുടെ നഗരസഭ വിഹിതമായി 30 ലക്ഷം നല്‍കും. കേന്ദ്ര, സംസ്ഥാ വിഹിതമായി 10 കോടി രൂപ നഗരസഭക്ക് ലഭിക്കും. ലൈഫ് മിഷന്‍ പദ്ധിതിക്കായി 1.31 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 39.50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കടലുണ്ടിപ്പുഴയെ ആശ്രയിച്ച് വിവിധ കുടിവെള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം നഗരസഭ ഓഫീസ്, ടൗണ്‍ഹാള്‍, ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ കിണര്‍ റീചാര്‍ജിങിനും ഗാര്‍ഹിക കുടിവെള്ളത്തിന് സബ്‌സിഡിയും ബജറ്റില്‍ വിഭാവനം ചെയ്യുന്നു. വനിതാ ക്ഷേമം ലക്ഷ്യമിട്ടും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഷീ ലോഡ്ജിന് 12 ലക്ഷവും വനിതകള്‍ക്ക് വിശ്രമ മുറിയും ഫീഡിങ് റൂമും ഒരുക്കാന്‍ രണ്ട് ലക്ഷം രൂപയും മാറ്റി വച്ചിട്ടുണ്ട്.

വിദ്യാലയങ്ങളുടെ നവീകരണത്തിനും തുക മാറ്റിവച്ചിട്ടുണ്ട്. ഹാജിയാര്‍പള്ളി, മൈലപ്പുറം, മേല്‍മുറി എന്നിവിടങ്ങളില്‍ മിനി സ്റ്റേഡിയം നിര്‍മിക്കാന്‍ 10 ലക്ഷം രൂപയും രജിസ്റ്റര്‍ ചെയ്ത ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന് ഒരു ലക്ഷവും തുക വകയിരുത്തിയിട്ടുണ്ട്. ബജറ്റിലുള്ള ചര്‍ച്ച നാളെ രാവിലെ 10ന് നടക്കും.

Sharing is caring!