മലപ്പുറത്തെ ചെറുപ്പക്കാന്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സ്‌കൂള്‍ സ്മാര്‍ട്ടായി, കളര്‍ഫുളായി

മലപ്പുറത്തെ ചെറുപ്പക്കാന്‍  മുന്നിട്ടിറങ്ങിയപ്പോള്‍  സ്‌കൂള്‍ സ്മാര്‍ട്ടായി, കളര്‍ഫുളായി

മലപ്പുറം: നാട്ടിലെ ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങിപ്പോള്‍ നാട്ടിലെ സ്‌കൂളിന്റെ രൂപംതന്നെ മാറി. മങ്കട പുളിക്കലിലെ യുവാക്കളും ചെറുപ്പക്കാരുമാണു തങ്ങളുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനത്തിന് പുതുമോടി നല്‍കാന്‍ കൈകോര്‍ത്തത്. പുളിക്കല്‍ പമ്പ എഎംഎല്‍പി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ കൂടിയായ കിരമലയിലെ സ്‌ക്വാദ്ര ക്ലബ് അംഗങ്ങളാണ് നവാഗതരെ വരവേല്‍ക്കുന്നതിന് നേരത്തെ ഒരു കൈ സഹായവുമായെത്തിയത്. സ്‌കൂളില്‍ നമ്മുടെ സ്‌കൂള്‍ നമ്പര്‍.1 എന്ന പേരില്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്മാര്‍ട്ട് ടിവികള്‍ എല്ലാ ക്ലാസിലും സ്ഥാപിച്ചു കഴിഞ്ഞു. അടുത്ത ആഴ്ച നടക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂം പ്രഖ്യാപനത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ അധികൃതര്‍ ക്ലബ് ഭാരവാഹികളെ സമീപിച്ച് ആവശ്യം ഉന്നയിച്ചത്. ഇതോടെ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 12 മണി വരെ 40 ഓളം ക്ലബ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ് മുറിയിലെ പഠനോപകരണങ്ങള്‍ക്ക് പുതിയ നിറം നല്‍കിയത്.പുളിക്കല്‍ പറമ്പയിലെയും കരിമലയിലെയും സാമുഹ്യ,സാംസ്‌കാരിക മേഖലകളില്‍ നിറ സാന്നിധ്യമാണ് കരിമല സ്‌ക്വാദ്ര ക്ലബ്.ക്ലബ് ഭാരവാഹികളായ വി.അന്‍വര്‍ ഷക്കീല്‍,പി.സാബിര്‍,ടി.ടി.ബാബു,മൊയ്തീന്‍ കുട്ടി.പി.നൗഫല്‍, ടി.ടി.അഫ്ലഹ്, വി.സലാം, വി.നൗഷാദ്, എം.കെ.ജിഷാദ്, വി.കലാം, പി.പി.നൗഷാദ്,പിടിഎ പ്രസിഡന്റ് എം.സലീം, വൈസ് പ്രസിഡന്റ് ടി.ഷംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മറ്റുള്ള നാട്ടുകാര്‍ക്കും മാതൃകയായി പ്രവൃര്‍ത്തി നടത്തിയ ചെറുപ്പക്കാരുടെ ഉദ്യമത്തെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളായ നാട്ടിലെ ചെറുപ്പക്കാരും സ്‌കൂളില്‍ പഠിക്കാത്ത ചെറുപ്പക്കാരുംവരെ ഈ ഉദ്യമത്തിന് നേതൃത്വം നല്‍കാനുണ്ടായിരുന്നു. തുടര്‍ന്നും സ്്കൂളിന്റെ പുരോഗതിക്കുവേണ്ടി തങ്ങളുടെ ഇടപെടലുകളുണ്ടാകുമെന്നും ഈ യുവാക്കള്‍ പറയുന്നു.

Sharing is caring!