മുഖ്യമന്ത്രി ഏകാധിപതി: സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം

മുഖ്യമന്ത്രി ഏകാധിപതി: സി.പി.ഐ സംസ്ഥാന  സമ്മേളനത്തില്‍ വിമര്‍ശനം

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയായെന്ന് സി.പി.ഐ സംസ്ഥാന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ വിമര്‍ശനം. ഭരണ നിര്‍വഹണത്തില്‍ ഏകാധിപതിയായാണ് പിണറായിയുടെ പെരുമാറ്റം. യു.ഡി.എഫ് ശൈലിയില്‍നിന്ന് ഉദേ്യാഗസ്ഥരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്നില്ല.
മുഖ്യമന്ത്രിയുടെ 9ഉപദേശകര്‍ എല്‍.ഡി.എഫ് നയത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതായും വിമര്‍ശനം.
സംസഥാന ധനമന്ത്രി തോമസ് ഐസക്ക് സ്വപ്‌ന ലോകത്തെ ബാലഭാസ്‌ക്കരന്‍ ആണെന്നും വിമര്‍ശനം. സംസ്ഥാന സര്‍ക്കാറിന്റെ ലൈഫ്പദ്ധതി തട്ടിപ്പാണെന്നും വിമര്‍ശനമുയര്‍ന്നു.
നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനു ഇന്നലെ രാവിലെ പതിനൊന്നരയോടെ മുഖ്യവേദിയായ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലെ ഇ.ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.എ.കുര്യന്‍ പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി മഞ്ചേരി പ്രഫ. പി.ശ്രീധരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ സമ്മേളനനഗരിയില്‍ നേതാക്കളായ കാനം രാജേന്ദ്രന്‍, കെ.പി രാജേന്ദ്രന്‍, സി.എ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തെളിയിച്ചു. തുടര്‍ന്നു രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചുവപ്പണിഞ്ഞ മലപ്പുറത്ത്് ആവേശേജ്വലമായ മുദ്രാവാക്യങ്ങളുയര്‍ന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. സിപിഐയുടെ മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവരെല്ലാം അണിനിരന്നു. 680 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്നു പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡി ഉദ്ഘാടനം ചെയ്തു. കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളായ ഡി.രാജ, പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ഇ ഇസ്മായില്‍ ബിനോയ് വിശ്വം, ആനി രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം സി.എ കുര്യന്‍, പാര്‍ട്ടി നേതാക്കളായ സി.ദിവാകരന്‍, സത്യന്‍ മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.
വൈകുന്നേരം മലപ്പുറം ടൗണ്‍ഹാളിലെ കൊളാടി ഗോവിന്ദന്‍കുട്ടി നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കവി ആലങ്കോട് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു കെപിഎസി അവതരിപ്പിച്ച ഈഡിപ്പസ് നാടകം അരങ്ങേറി.
രണ്ടാം ദിവസമായ ഇന്നു സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം തുടരും. വൈകീട്ട് നടക്കുന്ന ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. അഞ്ചരക്ക് ന്യൂനപക്ഷം പ്രശ്്‌നങ്ങളും നിലപാടുകളും സെമിനാര്‍ മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. രാം പുനിയാനി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന ഭരതോല്‍സവം അരങ്ങിലെത്തും. ശനിയാഴ്ച വൈകീട്ട് അഞ്ചരക്ക് നടക്കുന്ന ചടങ്ങില്‍ വിവിധ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മന്ത്രി പി.തിലോത്തമന്‍ വിതരണം ചെയ്യും. തുടര്‍ന്നു സമരജ്വാലാ സംഗമം മേധാപട്്കര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ഇ.ജയകൃഷ്ണന്‍ അവതരിപ്പിക്കുന്ന മണിവീണ സംഗീത പരിപാടിയുണ്ടാകും. സമാപന ദിവസമായ ഞായറാഴ്ച വൈകീട്ട് മൂന്നരക്ക് റെഡ് വോളണ്ടിയര്‍ മാര്‍ച്ച് നടക്കും. അഞ്ചിനു പൊതുസമ്മേളനം എസ്.സുധാകര്‍ റെഡി ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും.

Sharing is caring!